തിരുവനന്തപുരം: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയലിന്‍റെ കൺവെൻഷൻ സെന്‍ററിൽ പരിഹരിക്കാവുന്ന ചട്ടലംഘനങ്ങൾ മാത്രമാണുള്ളതെന്ന് ചീഫ് ടൗൺ പ്ലാനറുടെ റിപ്പോർട്ട്. നാലു ചട്ടലംഘനങ്ങൾ കാണിച്ചുള്ള റിപ്പോർട്ട് തദ്ദേശസ്വയംഭരണ മന്ത്രിക്ക് കൈമാറി. 

ഓഡിറ്റോറിയത്തിലേക്കുള്ള റാമ്പിന്‍റെ ചരിവിൽ കുറവുണ്ട്, ബാൽക്കണി നിർമ്മിച്ചതിൽ പോരായ്മയുണ്ട്, ബാൽക്കണിയുടെ കാർപ്പറ്റ് ഏരിയ കൂടുതലാണ്, ആവശ്യത്തിന് ശുചിമുറികളില്ല എന്നീ കാര്യങ്ങളാണ് ചീഫ് ടൗൺ പ്ലാനറുടെ റിപ്പോർട്ടിലുള്ളത്. നഗരസഭ സെക്രട്ടറിയുടെ പരിശോധനാ റിപ്പോർട്ട് കൂടി ചേർത്താണ് ടൗൺപ്ലാനറുടെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ അനുമതിയിൽ അന്തിമ തീരുമാനം എടുക്കുക. നഗരസഭയുടെ മുൻ സെക്രട്ടറി  ചൂണ്ടിക്കാണിച്ച 15 ചട്ടലംഘനങ്ങളിൽ പലതും പിന്നീട് പരിഹരിച്ചിരുന്നു. 

15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്തനാനുമതി നല്‍കാത്തതിലുളള മനോവിഷമത്തിലാണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിൽ ആത്മഹത്യ ചെയ്‌തത്‌. നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജൻ മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത്  കൺവെൻഷൻ സെന്‍റർ നിർമ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനം നൊന്താണ്‌ പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.