കൊച്ചി: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസുകാരന്‍റെ നില ഗുരുതരമായി തുടരുന്നു. കുട്ടി ഇപ്പോള്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ വലത് മസ്തിഷ്കത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്. സ്ട്രോക്കിന്‍റെ ലക്ഷണങ്ങളുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. 

അതേസമയം കുട്ടിയെ ക്രൂരമായി മർദ്ദിച്ചത് കുഞ്ഞിന്‍റെ അമ്മ തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. ജാർഖണ്ഡ് ബംഗാൾ സ്വദേശികളായ മാതാപിതാക്കൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. അനുസരണക്കേട് കാട്ടിയതിന് കട്ടിയുള്ള വസ്തു ഉപയോഗിച്ച് കുട്ടിയെ തല്ലിയതായി അമ്മ  പൊലീസിനോട് സമ്മതിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ മാതാപിതാക്കള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

അടുക്കളയിൽ കളിക്കുന്നതിനിടയിലാണ് കുട്ടിക്ക് പരിക്കേറ്റതെന്ന് ആദ്യം പറഞ്ഞ അമ്മ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. വധശ്രമത്തിന് പുറമെ ഇരുവർക്കുമെതിരെ ബാലാവകാശ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇരുവരുടെയും പശ്ചാത്തലമറിയാൻ കേരള പൊലീസ് ജാർഖണ്ഡ് പൊലീസുമായി ബന്ധപ്പെട്ട് വരികയാണ്. തലയോട്ടി പൊട്ടി രക്തസ്രാവമുണ്ടായിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ  ഇന്നലെ വൈകീട്ടാണ്  കുട്ടിയുടെ ശസ്ത്രക്രിയ തുടങ്ങിയത്.

ഇന്ന് പുലർച്ചെ ശസ്ത്രക്രിയ പൂർത്തിയായി. വെന്‍റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാനാകാത്തതിലാണ് ആശങ്ക. ക്രൂരമർദ്ദനത്തിനിടെ അമ്മ കുഞ്ഞിന്‍റെ ശരീരത്തിൽ പൊള്ളൽ ഏൽപിക്കുകയും ചെയ്തിരുന്നു. 20 ദിവസം മുൻപാണ് അമ്മയോടൊപ്പം കുട്ടി ആലുവയിലെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറാണ് കുട്ടിയുടെ അച്ഛൻ. കുട്ടിയുടെ ചികിത്സ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി അറിയിച്ചു.