തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മിഷൻ അധ്യക്ഷനാവാനായി സിപിഎം സഹയാത്രികനായ അഡ്വ മനോജ് കുമാർ സമർപ്പിച്ച രേഖകൾ വ്യാജം. 2015 മുതൽ 2020 വരെ സംയോജിത ശിശുവികസനപദ്ധതിക്ക് കീഴിൽ ക്ലാസെടുത്തിട്ടേ ഇല്ലെന്ന് വിവരാവകാശ രേഖ. പെൺകുട്ടികൾക്ക് ഐസിഡിഎസിന് കീഴിൽ ക്ലാസ് എടുത്തെന്നായിരുന്നു അവകാശ വാദം.

എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മനോജ് കുമാർ ഇത്തരത്തിൽ ക്ലാസെടുത്തില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടി. സിപിഎം സഹയാത്രികനായ ഇദ്ദേഹത്തിന്റെ നിയമനം വൻ വിവാദമായിരുന്നു. യോഗ്യരായ നിരവധി പേരെ മറികടന്നാണ് ഇദ്ദേഹത്തിന് നിയമനം നൽകിയതെന്നായിരുന്നു വിവാദത്തിന് കാരണമായത്. മനോജ് കുമാറിന്റെ നിയമനം ന്യായീകരിച്ച മുഖ്യമന്ത്രി ഇദ്ദേഹത്തെ പരമയോഗ്യൻ എന്നാണ് വിശേഷിപ്പിച്ചത്. യോഗ്യത തെളിയിക്കാൻ മനോജ് കുമാർ സർക്കാരിന് സമർപ്പിച്ചത് വ്യാജരേഖയാണെന്ന വിവരം പുറത്തുവന്നതോടെ, ഇത് സംസ്ഥാന സർക്കാർ അറിഞ്ഞുകൊണ്ട് ചെയ്തതാണോ, അല്ലയോ എന്ന ചോദ്യവും ഉയർന്നു.