കുട്ടിയെ ഉപദ്രവിച്ച പ്രതിക്കെതിരെ നിയമ നടപടിയെടുക്കാൻ പൊലിസിന് നിർദേശം നൽകിയെന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ പറഞ്ഞു.
പത്തനംതിട്ട: പഠിക്കാത്തതിന്‍റെ പേരില്‍ ഏഴ് വയസുകാരനായ മകനെ അച്ഛന്‍ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കിയിട്ടുണ്ടെന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ ദീപ ഹരി വ്യക്തമാക്കി.
കുട്ടിയെ ഉപദ്രവിച്ച പ്രതിക്കെതിരെ നിയമ നടപടിയെടുക്കാൻ പൊലിസിന് നിർദേശം നൽകിയെന്നും സിഡബ്ല്യുസി ചെയർപേഴ്സൺ ദീപ ഹരി പറഞ്ഞു. പത്തനംതിട്ട അടൂരിലാണ് മദ്യലഹരിയില്‍ ഏഴുവയസ്സുകാരനായ മകനോട് അച്ഛന്‍ ക്രൂരത കാട്ടിയത്. സംഭവത്തില്‍ പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അച്ഛന്‍റെ ക്രൂരതയ്ക്കിരയായത്. മകനോട് പാഠഭാഗങ്ങള്‍ പഠിക്കാന്‍ പറഞ്ഞിട്ടാണ് അച്ഛന്‍ പുറത്തേക്ക് പോയത്. വൈകിട്ട് തിരിച്ച് വന്ന ശ്രീകുമാര്‍ മകനോട് പഠിച്ച് കഴിഞ്ഞോ എന്ന് അന്വേഷിച്ചു. പഠിച്ചില്ലെന്ന് മകന്‍ മറുപടി പറഞ്ഞതോടെ പ്രകോപിതനായ അച്ഛന്‍ ചട്ടുകം പൊള്ളിച്ച് മകന്‍റെ വയറിലും കാല്‍പാദങ്ങളിലും പൊള്ളിക്കുകയായിരുന്നു.
കുട്ടിയുടെ ശരീരത്തിന്‍റെറെ വിവിധ ഭാഗങ്ങളില്‍ പൊള്ളലുണ്ട്.
