തിരുവനന്തപുരം: അമ്മ തൊട്ടിലിൽ എത്തിയ കുഞ്ഞിനെ പരിചരിക്കുന്നതിൽ ഗുരുതരവീഴ്ച വന്നതായി ആരോപണം. തിരുവനന്തപുരം തൈക്കാട്ടെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ നിന്നും കിട്ടിയ കുഞ്ഞിനെയാണ് ഉദ്യോഗസ്ഥർ അശ്രദ്ധമായി കൈകാര്യം ചെയ്തത്. 

വെളിയാഴ്ച പുലർച്ചയോടെ അമ്മത്തൊട്ടിലിൽ നിന്നും കിട്ടിയ നവജാത ശിശു പെൺകുഞ്ഞാണെന്നാണ് ഔദ്യോ​ഗിക രേഖകളിൽ രേഖപ്പെടുത്തിയിരുന്നത്. തൈക്കാട് ആശുപത്രിയിലും കുട്ടി പെൺകുഞ്ഞാണെന്നാണ് രേഖപ്പെടുത്തിയത്. ശേഷം കുഞ്ഞിന് മലാല എന്ന് പേരിടുകയും ശിശുക്ഷേമ സമിതി വാ‍ർത്താക്കുറിപ്പ് പ്രസി​ദ്ധീകരിക്കുകയും ചെയ്തു. 
 
എന്നാൽ ഇന്നലെ കൊവിഡ് കെയ‍ർ സെൻ്ററിൽ നടത്തിയ പരിശോധനയിൽ കുട്ടി പെണ്ണല്ലെന്നും ആൺകുട്ടിയാണെന്നും കണ്ടെത്തി. കുട്ടിയുടെ ശരീര പരിശോധന നടത്തിയതിൽ വീഴ്ച പറ്റിയെന്ന് ഇതോടെയാണ് വ്യക്തമായത്. കുഞ്ഞിനെ പരിശോധിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് ശിശു ക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ പറഞ്ഞു. വീഴ്ച വരുത്തിയവ‍ർക്കെതിരെ നടപടിയുണ്ടാവുമെന്നും രേഖകളിൽ സംഭവിച്ച പിഴവാണിതെന്നും ഷിജുഖാൻ അറിയിച്ചു.