പെരുമ്പാവൂരിലെ കുറ്റിപ്പാടത്ത് നാല് വയസ്സുകാരി പ്ലൈവുഡ് കമ്പനിയിലെ മാലിന്യ കുഴിയിൽ വീണ് മരിച്ചതിന് പിന്നാലെയാണ് ക്രഷിനുള്ള നടപടികൾ വേഗത്തിലായത്.
എറണാകുളം: പെരുമ്പാവൂരിലെ വെങ്ങോലയിൽ ഇതരസംസ്ഥാന കുട്ടികൾക്കായി ഉള്ള ക്രഷ് ഇന്ന് തുറക്കും. എറണാകുളം ജില്ല കളക്ടർ എൻ.എസ്.കെ ഉമേഷ് രാവിലെ 10.30 മണിക്ക് ക്രഷ് ഉദ്ഘാടനം ചെയ്യും. അച്ഛനമ്മമാരുടെ തൊഴിൽ സമയത്തിന് അനുസരിച്ച് രാവിലെ 7 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് ക്രഷ് പ്രവർത്തിക്കുക. വെങ്ങോലയിലെ സോ മിൽ പ്ലൈവുഡ് അസ്സോസിയേഷനും, സിഐഐയും ചേർന്നാണ് ക്രഷിന്‍റെ സാമ്പത്തിക ചെലവ് ഏറ്റെടുത്തിരിക്കുന്നത്. പെരുമ്പാവൂരിലെ കുറ്റിപ്പാടത്ത് നാല് വയസ്സുകാരി പ്ലൈവുഡ് കമ്പനിയിലെ മാലിന്യ കുഴിയിൽ വീണ് മരിച്ചതിന് പിന്നാലെയാണ് ക്രഷിനുള്ള നടപടികൾ വേഗത്തിലായത്.
6 മാസം മുതൽ 6 വയസ്സ് വരെ ഉള്ള കുട്ടികൾക്കായാണ് പരിചരണ കേന്ദ്രo. കഴിഞ്ഞ നവംബറിൽ അപകടം പിടിച്ച തൊഴിൽ സ്ഥലത്തേക്ക് മക്കളുമായി എത്തുന്ന ഇതരസംസ്ഥാന തൊഴിലാളി സ്ത്രീകളുടെ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ആണ് ജില്ലാ ഭരണ കൂടo ഇടപെട്ട് ക്രഷ് പ്രവർത്തനം തുടങ്ങിയത്.സോ മിൽ പ്ലൈവുഡ് അസോസിയേഷൻ ആണ് സാമ്പത്തിക ചിലവ് വഹിക്കുന്നത്.
പെരുമ്പാവൂരില്‍ അമ്മയുടെ ജോലി സ്ഥലത്തെത്തിയ പശ്ചിമ ബംഗാൾ സ്വദേശി അസ്മിനിയാണ് മാലിന്യക്കുഴിയില്‍ വീണ് മരിച്ചത്. രാവിലെ അമ്മ ഹനൂഫ ബീവിക്കൊപ്പം കുറ്റിപ്പാടത്തെ നോവ പ്ലൈവുഡ് കമ്പനിയിലെത്തിയതായിരുന്നു അസ്മിനി. അമ്മ കമ്പനിക്കുള്ളിൽ ജോലി ചെയ്യുമ്പോൾ നാല് വയസ്സുള്ള മകൾ കൂട്ടുകാരിക്കൊപ്പം കളിക്കുകയായിരുന്നു. കമ്പനിയിലെ ബോയിലറിൽ നിന്നും വെള്ളമൊഴുകി എത്തുന്ന പത്തടി താഴ്ചയുള്ള കുഴിയിലേക്കാണ് കുഞ്ഞ് വീണത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
