മജ്ജ മാറ്റി വെച്ചാല്‍ തങ്ങളുടെ പൊന്നോമനകള്‍ സാധാരണ അവസ്ഥയിലേക്ക് എത്തുമെന്ന് അറിഞ്ഞതിന്റെ ആശ്വാസത്തിലും ഭീമമായ ഈ തുക എങ്ങനെ കണ്ടെത്തും എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഷമീറും കുടുംബവും.
കോഴിക്കോട്: ഗുരുതരമായ തലാസീമിയ രോഗത്തെ തോല്‍പ്പിക്കാന്‍ സുമനസ്സുകളുടെ കനിവ് തേടുകയാണ് കോഴിക്കോട് കായണ്ണയിലെ പിഞ്ചു സഹോദരങ്ങള്‍. മാട്ടനോട് പള്ളിമുക്ക് സ്വദേശി ഷമീറിന്റെ മക്കളായ മുഹമ്മദ് ഷഹല്‍ഷാനും (11) ആയിഷാ തന്‍ഹ (7) യുമാണ് കഴിഞ്ഞ ആറുവര്‍ഷമായി രക്താണുക്കളെ ബാധിക്കുന്ന ജനിതകരോഗത്തിന് ചികിത്സ തേടുന്നത്. വിദഗ്ദ ഡോക്ടര്‍മാരുടെ പരിശോധനയില്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ കുട്ടികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 80 ലക്ഷം രൂപയും അനുബന്ധ ചിലവുകളുമാണ് ചികിത്സയ്ക്കായി പ്രതീക്ഷിക്കുന്നത്.
ചുവന്ന രക്താണുക്കളുടെ കുറവും രക്തപ്രവാഹത്തിലെ ഓക്സിജന്റെ അളവും കുറയുന്നതിന് കാരണമാകുന്ന ജനിതക രോഗമാണ് തലസീമിയ. കഠിനമായ വിളര്‍ച്ച, മഞ്ഞപ്പിത്തം, അസ്ഥികളുടെ വൈകല്യം തുടങ്ങിയവ ഈ രോഗം മൂലമുണ്ടാകുന്നു. മജ്ജ മാറ്റി വെച്ചാല്‍ തങ്ങളുടെ പൊന്നോമനകള്‍ സാധാരണ അവസ്ഥയിലേക്ക് എത്തുമെന്ന് അറിഞ്ഞതിന്റെ ആശ്വാസത്തിലും ഭീമമായ ഈ തുക എങ്ങനെ കണ്ടെത്തും എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഷമീറും കുടുംബവും. മാട്ടനോട് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുടേയും ഇതുവരെയുള്ള ചികിത്സാ ചിലവുകളാല്‍ തന്നെ ഈ നിര്‍ധന കുടുംബം സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണ്.
സ്വദേശത്തും വിദേശത്തുമുള്ള ഉദാരമതികളുടെ അകമഴിഞ്ഞ സഹായം മാത്രമാണ് ഇവരുടെ പ്രതീക്ഷ. ശസ്ത്രക്രിയക്കാവശ്യമായ പണം സ്വരൂപിക്കുന്നതിനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയായും വാര്‍ഡ് മെമ്പര്‍ പി.സി. ബഷീര്‍ (ചീഫ് കോ-ഓര്‍ഡിനേറ്റര്‍), പി.കെ അബ്ദുസ്സലാം മാസ്റ്റര്‍ (ചെയര്‍മാന്‍), പി.അബ്ദുള്‍ നാസര്‍ തൈക്കണ്ടി (കണ്‍വീനര്‍), സി.കെ.അസീസ് (ട്രഷറര്‍), ഷഹീര്‍ രയരോത്ത് (വ.കണ്‍വീനര്‍) തുടങ്ങി പ്രദേശത്തെ സാമൂഹിക സന്നദ്ധ സേവകരുടെ കൂട്ടായ്മക്ക് രൂപം കൊടുത്തിട്ടുണ്ട്.
യോഗത്തില്‍ വി.പി.അബ്ദുസ്സലാം മാസ്റ്റര്‍, ടി.മുഹമ്മദ് മാസ്റ്റര്‍, സി.ഇബ്രാഹിം ഫാറൂഖി, പി.സി അബൂബക്കര്‍, സി.കെ കുഞ്ഞബ്ദുള്ള, എം.കെ. അബ്ദുല്‍ അസീസ്, ബഷീര്‍ മറയത്തിങ്കല്‍, പി.സി.അസയിനാര്‍, കെ.കെ. ഇബ്രാഹിം, ആര്‍.കെ. മൂസ, പുനത്തില്‍ പി.കെ അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.നന്മ വറ്റാത്ത മനസ്സുകള്‍ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഷഹല്‍ഷാനും ആയിഷാ തന്‍ഹയും ഒപ്പം ചികിത്സാ സഹായ കമ്മറ്റിയും.
ഫോൺ നമ്പർ :+919645536153 അക്കൗണ്ട് വിവരങ്ങള്‍: Mubeena Koroth A/c No: 13230100139045 IFSC : FDRL 0001323 Mottanthara branch ഗൂഗ്‌ൾ പേ നമ്പർ: 7510742274
