അട്ടപ്പാടി: അട്ടപ്പാടിയിൽ ഊരുകൾ തമ്മിൽ ബന്ധിപ്പിച്ചിരുന്ന പല പാലങ്ങളും തകർന്നതോടെ രക്ഷാപ്രവര്‍ത്തനം തടസപ്പെടുന്നു. അട്ടപ്പാടിയിലെ മുച്ചിക്കടവിൽ എട്ട് കുട്ടികളടക്കം മുപ്പത് പേർ കുടുങ്ങിക്കിടക്കുകയാണ്. ഊരുമായി ബന്ധിപ്പിക്കുന്ന തൂക്ക് പാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്കും ഇവടേക്ക് എത്താനാകുന്നില്ല.

ഗർഭിണിയടക്കം ചികിത്സാ സഹായം ആവശ്യമുള്ള ആറ് പേരെ നാട്ടുകാർ വനത്തിലൂടെ പുറത്തെത്തിച്ചു. അട്ടപ്പാടി ചിറ്റൂരിലെ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടുകിടക്കുകയാണ്. ആളുകളെ വനത്തിലൂടെ നാട്ടുകാർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ട്.

ഇതിനിടെ അപ്പർ ഭവാനി ഡാം തുറക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലുള്ള ജാഗ്രതയും തുടരുന്നുണ്ട്. വണ്ണാന്തറയിലെ കോൺക്രീറ്റ് പാലം തകർന്നതോടെ മൂന്ന് ഊരുകളിലെ ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവർത്തകർക്കും ഇവിടേക്ക് എത്താൻ കഴിയുന്നില്ല. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ പാലക്കാട് ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

അട്ടപ്പാടി പൂര്‍ണ്ണമായും ഒറ്റെപ്പെട്ട അവസ്ഥയാണ്. എന്താണവിടെ സംഭവിക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥയാണ് അട്ടപ്പാടിയിലുള്ളത്. പല്ലശനയിലും അനങ്ങൻ മലയിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മണ്ണാര്‍കാട് കരിമ്പ മേഖലയിലും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്.  നെല്ലിയാമ്പതിയിലും ഉരുളുപൊട്ടിയിട്ടുണ്ട്. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ച അവസ്ഥയാണ് അവസ്ഥിയാണിപ്പോൾ പാലക്കാട്ട് ഉള്ളത്.