ഇറാന് ആയുധം നൽകുന്നുവെന്ന ആരോപണം നിഷേധിച്ച ചൈന, ഈ വിഷയത്തിൽ താരിഫ് ഏർപ്പെടുത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നൽകി. തങ്ങളുടെ കമ്പനികൾക്കെതിരായ ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

ബെയ്ജിംഗ്: അമേരിക്കക്കും പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും മുന്നറിയിപ്പുമായി ചൈന. ഇറാന് ആയുധങ്ങൾ നൽകുന്നില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയ ചൈന, ഇതിന്റെ പേരിൽ വീണ്ടും വ്യാപാര താരിഫുകൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടു. തങ്ങൾക്കെതിരെ ഏകപക്ഷീയമായ സാമ്പത്തിക നടപടികളുമായി മുന്നോട്ട് പോയാൽ ശക്തമായി തിരിച്ചടിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇറാനുമായുള്ള തങ്ങളുടെ ബന്ധം അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമാണെന്നും, ചൈനീസ് കമ്പനികളെ ലക്ഷ്യം വെച്ചുള്ള അമേരിക്കൻ സമ്മർദ്ദ തന്ത്രങ്ങൾ അംഗീകരിക്കാനാവില്ലെന്നും ചൈന പ്രസ്താവനയിൽ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ വൻ ശക്തികൾ തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചനയായാണ് ഈ പുതിയ പോർവിളി വിലയിരുത്തപ്പെടുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഹോ‍ർമുസിലും ചൈനയുടെ മുന്നറിയിപ്പ്

നേരത്തെ ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നതിനെതിരെയും ചൈന രം​ഗത്തുവന്നിരുന്നു. ഇറാനുമായുള്ള ചൈനയുടെ ഉഭയകക്ഷി ബന്ധത്തിൽ ഇടപെടരുതെന്നും മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥൻ അമേരിക്കക്ക് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് ഹോർമുസിൽ യുഎസ് നാവിക ഉപരോധം ആരംഭിച്ചതിന് പിന്നാലെയാണ് ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുന്റെ മുന്നറിയിപ്പ്. ഇറാനുമായി ഞങ്ങൾക്ക് വ്യാപാര, ഊർജ്ജ കരാറുകളുണ്ട്. മറ്റുള്ളവർ ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുതെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഹോർമുസ് കടലിടുക്ക് ചൈനയ്ക്കായി തുറന്നിരിക്കുമെന്നും ജുൻ കൂട്ടിച്ചേർത്തു. ചൈനയെ സംബന്ധിച്ച് നിർണായക പാതയാണ് ഹോർമുസ്. ചൈന ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ ഏകദേശം 40 ശതമാനവും എൽ എൻ ജിയുടെ 30 ശതമാനവും ഹോർമുസ് വഴിയാണ് വരുന്നത്. അതിനാൽ, ഇറാൻ - യു എസ് പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ചൈന വ്യക്തമാക്കി.