അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം മാറിയെന്ന പ്രഖ്യാപനത്തെ ചൈനീസ് അംബാസിഡർ പ്രശംസിച്ചു. ഇത് പുതിയ കേരളത്തിന്റെ ഉദയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദാരിദ്ര്യത്തിനെതിരായ പോരാട്ടം തുടരണമെന്ന് നടൻ മമ്മൂട്ടി.
തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്തമായെന്ന പ്രഖ്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ. ചരിത്രപരമായ നേട്ടത്തിൽ കേരളത്തെ അഭിനന്ദിക്കുന്നുവെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്ഹോങ് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രമടക്കം പങ്കുവച്ചാണ് പ്രശംസ.
"കടുത്ത ദാരിദ്ര്യം അവസാനിപ്പിക്കുന്നതിൽ ചരിത്രപരമായ നേട്ടം കൈവരിച്ച കേരളത്തിന് ഊഷ്മളമായ അഭിനന്ദനങ്ങൾ. ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മാനവരാശിയുടെ പൊതു ദൗത്യമാണ്"- ഷു ഫെയ്ഹോങ് കുറിച്ചു.
'പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി
അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം പുതിയ കേരളത്തിന്‍റെ ഉദയവും നവകേരളത്തിലേക്കുള്ള ചവിട്ടുപടിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണ്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ചരിത്രത്തിൽ ഇന്ന് പുതിയ അധ്യായം തുറന്നു. ലോകത്തിന് മുന്നിൽ നാം ആത്മാഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ പ്രഖ്യാപനം തട്ടിപ്പ് അല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിർഭാഗ്യകരമായ ഒരു പരാമർശം ഇന്ന് കേട്ടുവെന്നും അതിലേക്ക് കൂടുതൽ പോകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. നാടിന്റെ ഒരുമ കൊണ്ടാണ് ഇത് നേടാനായത്. അസാധ്യം എന്ന് ഒന്ന് ഇല്ല എന്ന് തെളിഞ്ഞു. ഓരോ കുടുംബത്തിലെയും അതിദാരിദ്യ അവസ്ഥ മാറുന്നത് മന്ത്രിസഭ വിലയിരുത്തി. 4,70,000 ൽ അധികം വീടുകൾ യാഥാർഥ്യമാക്കി. എൽഡിഎഫ് പ്രഖ്യാപിച്ച ഓരോ വാഗ്ദാനവും യാഥാർഥ്യമാക്കുന്നു. ഇതിൽ ചാരിത്യാർത്ഥ്യം ഉണ്ട്. നമുക്ക് ഒരു ഭൂതകാലം ഉണ്ട്. അവിടെ നിന്ന് പലവിധ ക്ലേശങ്ങൾ താണ്ടിയാണ് നാം ഇവിടേക്ക് എത്തിയത്.
കേരളത്തിന്‍റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചത്. മാതൃശിശു മരണ നിരക്കിൽ അമേരിക്കയേക്കാള്‍ താഴെയാണ് കേരളമെന്നും ഇതാണ് യഥാർഥ കേരള സ്‌റ്റോറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കുന്നു കൂടുന്ന സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലാണ് കാര്യം. പ്രസവ ചികിത്സയിലും അമേരിക്കയിലേക്കാൾ മെച്ചമാണ്. ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണഞ്ചിപ്പിക്കുന്ന വികസനം, മുഖ്യമന്ത്രി ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം: മമ്മൂട്ടി
അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് നടൻ മമ്മൂട്ടി. എട്ടു മാസങ്ങള്‍ക്കു ശേഷമാണ് താൻ പൊതുവേദിയിലെത്തുന്നതെന്നും കേരളത്തിന് തന്നെക്കാള്‍ ചെറുപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു. കേരളപ്പിറവി ദിനമായതിൽ സന്തോഷമുണ്ട്. ഇനി ദാരിദ്ര്യത്തെ അതിജീവിക്കേണ്ടതുണ്ടെന്നും അതിനായി തോളോട് തോള്‍ ചേര്‍ന്ന് നമുക്ക് പ്രവര്‍ത്തിക്കാമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചപ്പോള്‍ അതിനേക്കാള്‍ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. അതിദാരിദ്ര്യം മാത്രമേ മുക്തമായിട്ടുള്ളു. ദാരിദ്ര്യം നമ്മുടെ മുന്നിലുണ്ട്. അതിനേ അതിജീവിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് പ്രതിസന്ധികള്‍ കേരളം അതിജീവിച്ചിട്ടുണ്ട്. അത്തരത്തിൽ ദാരിദ്ര്യത്തെ അതിജീവിക്കാനും നമുക്കാകുമെന്ന് മമ്മൂട്ടി പറഞ്ഞു.


