Asianet News MalayalamAsianet News Malayalam

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം: ഗവർണർ ഇടപെടുന്നു, കേരള വിസിയോട് റിപ്പോർട്ട് തേടി

നോട്ടപ്പിശകിനെ പര്‍വതീകരിച്ചുള്ള വിവാദമാണ് ഉണ്ടായതെന്നും തെറ്റുതിരുത്തി പ്രബന്ധം പുസ്തകമാക്കി ഇറക്കുമെന്നും ചിന്ത ഇന്ന് വ്യക്തമാക്കിയിരുന്നു

Chintha Jerome PHD Thesis row Kerala Governor seeks report
Author
First Published Jan 31, 2023, 7:07 PM IST

തിരുവനന്തപുരം: സിപിഎം യുവ നേതാവ് ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടി. കേരള സർവകലാശാല വിസിയോടാണ് ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടിയത്.  ഗവേഷണ പ്രബന്ധത്തിലെ പിഴവ് കേരള സർവകലാശാല പരിശോധിക്കും. പരാതികൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ വച്ചേക്കുമെന്നും വിവരമുണ്ട്. സംഭവത്തിൽ ലഭിച്ച പരാതികള്‍ കേരള സര്‍വകലാശാല വിസിക്ക്  ഗവര്‍ണര്‍ കൈമാറും.

ഗവേഷണ പ്രബന്ധത്തില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ച് ചിന്താ ജെറോം ഇന്ന് രംഗത്ത് വന്നിരുന്നു. നോട്ടപ്പിശകിനെ പര്‍വതീകരിച്ചുള്ള വിവാദമാണ് ഉണ്ടായതെന്നും തെറ്റുതിരുത്തി പ്രബന്ധം പുസ്തകമാക്കി ഇറക്കുമെന്നും ചിന്ത ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഗവേഷണ പ്രബന്ധത്തിനെതിരെ  പരാതികൾ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചിന്തയുടെ പ്രബന്ധം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചേക്കും. ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയര്‍ന്ന രണ്ട് ആരോപണങ്ങളില്‍ ആദ്യത്തേതില്‍ തെറ്റ് സമ്മതിച്ച് ഖേദം പറയുന്ന ചിന്ത, പക്ഷെ കോപ്പിയടിയെന്ന രണ്ടാമത്തെ അരോപണം തള്ളുകയും ആശയം പകര്‍ത്തിയിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. വിമര്‍ശനം തുറന്ന മനസോടെ സ്വീകരിക്കുന്നുവെന്നും എന്നാല്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശം പോലും തനിക്കെതിരെ ഉണ്ടായെന്നും ചിന്ത വിമർശിച്ചു. 

ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ്. പിന്നാലെ ബോധി കോമൺസ് എന്ന വെബ്‍സൈറ്റിലെ ലേഖനം കോപ്പിയടിച്ചെന്ന ആക്ഷേപവും വന്നു. ചിന്തയുടെ ഡോക്ടറേറ്റും ഗൈഡായിരുന്ന മുൻ പ്രോ വി സി അജയകുമാറിൻറെ ഗൈഡ് ഷിപ്പും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. ഗവർണ്ണർക്കും കേരള വിസിക്കും ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഇവർ പരാതി നൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios