മനുഷ്യനെ കൊലചെയ്തു വിശ്വാസം സംരക്ഷിക്കാൻ വ്യക്തികൾ തയ്യാറാകുന്നത് സമൂഹത്തിൻ്റെ പിന്നോട്ട് പോക്കിന്റെ തെളിവാണ്. അന്ധവിശ്വാസങ്ങളുടെ പ്രചാരകരെയും പ്രയോക്താക്കളായി നിൽക്കുന്ന സാമൂഹ്യവിരുദ്ധരെയും നിയമത്തിനു മുന്നിൽ കൊണ്ടു വരുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും യുവജന കമ്മീഷന്‍

ഇലന്തൂരിലെ നരബലിക്ക് പിന്നാലെ അന്ധവിശ്വാസ അനാചാര നിര്‍മ്മാര്‍ജനത്തിനായി നിയമ സംവിധാനം വേണമെന്ന ആവശ്യവുമായി യുവജന കമ്മീഷന്‍. പത്തനംതിട്ട ഇലന്തൂരിലെ നരബലി നവോത്ഥാന കേരളത്തിന് അപമാനകരമാണെന്നും യുവജന കമ്മീഷന്‍ പ്രതികരിച്ചു. 'അന്ധവിശ്വാസ അനാചാര നിർമ്മാർജ്ജന ബിൽ' അടിയന്തിര പ്രാധാന്യത്തോടെ നിയമസഭ പാസ്സാക്കി നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും യുവജന കമ്മീഷന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

ഒരു സമൂഹം എന്ന നിലയിൽ നാം ആർജിച്ച സാക്ഷരതയും സാംസ്കാരിക മേന്മയും ദുർബലപ്പെടുത്തുകയും റദ്ദ് ചെയ്യപ്പെടുകയും ചെയ്യുന്നതിന്റെ വർത്തമാന സാക്ഷ്യമാണ് ഈ സംഭവം. മറ്റൊരു മനുഷ്യനെ കൊലചെയ്തു വിശ്വാസം സംരക്ഷിക്കാൻ വ്യക്തികൾ തയ്യാറാകുന്നത് സമൂഹത്തിൻ്റെ പിന്നോട്ട് പോക്കിന്റെ തെളിവാണ്. അന്ധവിശ്വാസങ്ങളുടെ പ്രചാരകരെയും പ്രയോക്താക്കളായി നിൽക്കുന്ന സാമൂഹ്യവിരുദ്ധരെയും നിയമത്തിനു മുന്നിൽ കൊണ്ടു വരുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും യുവജന കമ്മീഷന്‍ ആവശ്യപ്പെട്ടു.

യുവജനങ്ങളിൽ ശാസ്ത്രബോധം വളർത്താൻ ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും സാമൂഹിക മണ്ഡലത്തിൽ ചലനാത്മകമായ രീതിയിൽ യുവജനങ്ങളെ അണിനിരത്തി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും യുവജന കമ്മീഷന്‍ അറിയിച്ചു. സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി രണ്ട് സ്ത്രീകളെ ബലി നൽകിയ പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിംഗിനെയും കൂട്ടുനിന്ന ഭാര്യ ലൈലയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നരബലിയ്ക്കായി ഇവർക്ക് ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ച് നൽകുകയും ചെയ്ത കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദും പിടിയിലായി. നരബലി ആസൂത്രണം ചെയ്തതും നടപ്പാക്കിയത്തിന്റെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആയിരുന്നു.