പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തില്‍ വനംവകുപ്പ് ഉദ്യേഗസ്ഥരെ പ്രതിപട്ടികയില്‍ ചേര്‍ത്തേക്കും. രേഖകളില്‍ ക്രമക്കേട് നടത്തിയതിന് തെളിവുകള്‍ ലഭിച്ചു. രേഖകളിൽ ക്രമക്കേട് നടത്താൻ തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചു എന്നാണ് വ്യക്തമായിരിക്കുന്നത്. ഗുരുനാഥൻമൺ ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ രാത്രി തന്നെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തി രേഖകളില്‍ ക്രമക്കേട് കാട്ടിയെന്നാണ് കണ്ടെത്തല്‍. 

ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ ബൈക്കിലെത്തിയ രണ്ട് ഉദ്യോഗസ്ഥർ സ്റ്റേഷനിലെ ജിഡി സ്റ്റേഷനിൽ നിന്നെടുത്ത് കൊണ്ട് പോയി. പിന്നീട്  വടശ്ശേരിക്കര വനം വകുപ്പ് ഗസ്റ്റ് ഹൗസിലെത്തിച്ചാണ് ജിഡി തിരുത്തിയത്. തിരുത്തിയ ശേഷം പുലർച്ചെ 3.15 യോടെ ജിഡി തിരികെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു. ചിറ്റാർ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെ നി‍ർദേശ പ്രകാരമാണ് ‍‍ജി‍‍ഡി മാറ്റിയത് എന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്. ഡിഎഫ്ഒയുടെ പ്രത്യേക അനുമതി ഇല്ലാതെ ‍ജി‍ഡി പുറത്തേക്ക് കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥ‍ർ സംഭവത്തിന് ശേഷം ചിറ്റാർ സ്റ്റേഷനിലെത്തിയില്ല. ഏഴ് ഉദ്യോഗസ്ഥരെയും ഇന്നോവ കാറിൽ കരികുളം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. കരികുളം ഫോറസ്റ്റ് സ്റ്റേഷനിലാണ് ഇവർ സംഭവ ദിവസം തങ്ങിയത്.

കേസില്‍ ആരോപണവിധേയരായ ഏഴ് വനപാലകരിൽ ആറ് പേരുടേയും ആദ്യ ഘട്ട മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെട്ടുത്തിയിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. മത്തായിയുടെ മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല. ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ സംസ്കാരം നടത്തില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.