സിപിഐയുടെ പ്രതിനിധിയായതിനാലാണോ തന്നെ ഒഴിവാക്കിയതെന്നു ഇതാണോ സാമൂഹ്യ നീതിയും സമത്വവുമെന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഡെപ്യൂട്ടി സ്പീക്കര്‍ ചോദിക്കുന്നത്. 

തിരുവനന്തപുരം: നിയമസഭാ സമുച്ചയത്തിലെ അംബേദ്‌കർ പ്രതിമയിലെ പുഷ്പാർച്ചന വാർത്തയിൽ നിന്ന് ദേശാഭിമാനി (Deshabhimani) തന്റെ പേരും ചിത്രവും ഒഴിവാക്കിയെന്ന പരാതിയുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപാകുമാർ (Chittayam gopakumar Deputy speaker). സിപിഐയുടെ പ്രതിനിധിയായതിനാലാണോ തന്നെ ഒഴിവാക്കിയതെന്നു ഇതാണോ സാമൂഹ്യ നീതിയും സമത്വവുമെന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഡെപ്യൂട്ടി സ്പീക്കര്‍ ചോദിക്കുന്നത്. 

ഏപ്രില്‍ 14 ന് ഡോ.ബി.ആർ.അംബേദ്കറുടെ ജന്മദിനത്തിൽ നിയമസഭാ സമുച്ചയത്തിലെ അംബേദ്ക്കർ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന്റെ വാർത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കൊപ്പം ഡെപ്യൂട്ടി സ്പീക്കറായ ചിറ്റയം ഗോപകുമാരും പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയിൽ മന്ത്രിമാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൻ്റെ പേരും ചിത്രവും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഫേസ്ബുക്കിൽ പരിഭവവുമായി അദ്ദേഹം എത്തിയത്. 

ഫേസ്ബുക്ക് കുറിപ്പിങ്ങനെ 

”ഇത് ഏപ്രില്‍ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാര്‍ത്തയുമാണ്. ഏപ്രില്‍ 14 ന് അംബേദ്ക്കര്‍ ദിനത്തില്‍ നിയമസഭയില്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്ന നിലയില്‍ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവന്‍കുട്ടിയും ഒരുമിച്ചാണ് വന്നത് . നിയമസഭയിലെ വാച്ച് ആന്റ് വാര്‍ഡിന്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാര്‍ച്ചന നടത്തിയത്. പക്ഷെ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ എന്നെ ഒഴിവാക്കി. ഇതാണോ സാമൂഹ്യനീതി? ഇതാണോ സമത്വം ? ഞാന്‍ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?”

വിശദീകരണവുമായി ദേശാഭിമാനി 

ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതോടെ ദേശാഭിമാനി വിശദീകരണം നൽകിയതായാണ് വിവരം. പത്രത്തിന്റെ അഞ്ചാംപേജിലെ വാര്‍ത്തയില്‍ പേരുള്‍പ്പെടുത്തിയിരുന്നുവെന്നും പ്രസിദ്ധീകരിച്ച ചിത്രത്തില്‍ ചിറ്റയം ഗോപകുമാര്‍ ഉണ്ടായിരുന്നില്ലെന്നതിനാലാണ് ഫോട്ടോയ്ക്കൊപ്പം പേര് കൊടുക്കാത്തതെന്നുമാണ് ദേശാഭിമാനിയുടെ വിശദീകരണം. വിഷയം ചർച്ചയായതോടെ ഡെപ്യൂട്ടി സ്പീക്കർ പേജിൽ നിന്നും പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.