വയനാട്: മാനന്തവാടി കല്ലോടി സ്കൂളിൽ ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ച് വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നടപടി എടുക്കാന്‍ നിര്‍ദ്ദേശം. സ്കൂൾ പ്രധാന അധ്യാപകനെതിരെയും ഉച്ചക്കഞ്ഞി വിതരണ ചുമതലയുളള അധ്യാപകനെതിരെയും നടപടി എടുക്കാനാണ് നിർദേശം. ഡിഡിഇ ആണ് ഇരുവരെയും സസ്പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എഇഒയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രധാന അധ്യാപകൻ സാബു പി. ജോൺ, അധ്യാപകനായ അനീഷ് ജേക്കബ് എന്നിവർക്കെതിരെ നടപടി എടുക്കാൻ മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മാനന്തവാടി കല്ലോടി സെന്‍റ് ജോസഫ് യു.പി സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിലാണ് ഉച്ചക്കഞ്ഞിക്കുള്ള അരി സ്വകാര്യ ഹൈപ്പർമാർക്കറ്റിൽ മറിച്ച് വിൽക്കാൻ ശ്രമിച്ചത്. 386 കിലോ അരിയാണ് കല്ലോടി സെന്‍റ്. ജോസഫ് സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നാലാംമൈലിലെ ഹൈപ്പർമാർക്കറ്റിൽ വിൽക്കാൻ ശ്രമിച്ചത്. വിവരം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സിവിൽ സപ്ലെയ്സ് അധികൃതരെ അറിയിച്ചു. തുടർന്ന് അരി ഏറ്റെടുത്ത് പൊതുവിതരണ കേന്ദ്രത്തിലേക്ക് മാറ്റി. ലോക്ഡൗൺ കാലത്ത് മിച്ചം വന്ന അരിയാണ് വിൽക്കാൻ ശ്രമിച്ചത്. 

മിച്ചം വരുന്ന അരി സമൂഹ അടുക്കളക്ക് നൽകാവുന്നതാണെന്ന് നേരത്തെ സർക്കാർ നിർദേശം നൽകിയിരുന്നു. സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും നടപടി എടുക്കണമെന്നും കാണിച്ച് എ.ഇ.ഒ , ഉപവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ, ഓൺലൈൻ പഠനത്തിന് ടിവിയും മൊബൈൽ ഫോണുകളും വാങ്ങിയ ഇനത്തിൽ കൊടുക്കാനുണ്ടായിരുന്ന പണത്തിന് വേണ്ടി വിദ്യാര്‍ത്ഥികളിൽ നിന്ന് സമാഹരിച്ച അരിയാണ് വിൽപ്പന നടത്തിയതെന്നാണ് സ്കൂൾ അധികൃതരുടെ വാദം.

എൽ.പി സ്കൂളിൽ ഒരു കുട്ടിക്ക് 4 ഉം യുപിയിൽ 6 കിലോയും അരിയാണ് ഉച്ചക്കഞ്ഞിക്കായി സർക്കാർ അനുവദിക്കുന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അധ്യാപക സംഘടനകളും വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

"