ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്ന് പൊലീസ്.

തിരുവനന്തപുരം: ചോറ്റാനിക്കരയില്‍ പോക്സോ അതിജീവിത കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യം എന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് അമ്മയോട് പോലും പെൺകുട്ടി തർക്കിച്ചിരുന്നു. തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചുപിടിച്ചാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്.

ആദ്യം ലൈക്കടിച്ചും തുടര്‍ന്ന് ഫോളോ ചെയ്തും മെസേജുകള്‍ അയച്ചും തുടങ്ങിയ ഇന്‍സ്റ്റഗ്രാം സൗഹൃദം. ഇത്തരമൊരു സൗഹൃദത്തില്‍ ജീവന്‍ തന്നെ ബലി കൊടുക്കേണ്ടി വന്നവരില്‍ ഒരാളായി മാറി എറണാകുളം ചോറ്റാനിക്കരയിലെ പെണ്‍കുട്ടി. ആറ് ദിവസം വെന്‍റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. അതിക്രൂരനായിരുന്നു അനൂപ് എന്നാണ് പൊലീസ് പറയുന്നത്. ക്രിമിനല്‍ വാസനയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനൂപ് മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് പെൺകുട്ടിയുമായി സൗഹൃദം നടിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇരുവരും വഴയില്‍ കണ്ട് ആരംഭിച്ച സൗഹൃദമാണ് അമ്മയെ പോലും എതിര്‍ക്ക് വീടിന് അകത്തേക്ക് എത്തിയത്. ലഹരി ഉപയോ​ഗിക്കാൻ അനൂപ് സ്ഥിരമായി പെണ്‍കുട്ടിയില്‍ നിന്ന് പണം വാങ്ങുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

Also Read:  ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരണത്തിന് കീഴടങ്ങി; നേരിട്ടത് ക്രൂര പീഡനം

ആൺ സുഹൃത്തിന്‍റെ അതിക്രൂരമായ ആക്രമണത്തിന് ഇരയായ 19 കാരി ഇന്നലെയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ സംസ്കാരം ഇന്ന് നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് എത്തിക്കും. പോസ്റ്റ്‍‍മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വീട്ടിലെ പൊതുദർശനത്തിന് ശേഷം തൃപ്പുണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിൽ സംസ്കാരം നടക്കും. വധശ്രമ കേസും ബലാല്‍സംഗ കേസുമാണ് പ്രതി അനൂപിനെതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം