Asianet News MalayalamAsianet News Malayalam

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ; ക്രിസ്തുവിന്‍റെ ഉയർത്തെഴുന്നേൽപ്പിനെ വരവേറ്റ് ലോകം

കൊവിഡ്  പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ദേവാലയത്തിൽ ഈസ്റ്റർ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്.

Christians celebrate Easter today
Author
Kochi, First Published Apr 4, 2021, 6:30 AM IST

കൊച്ചി: ലോകമെമ്പാടമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റ‌ർ ആഘോഷിക്കുകയാണ്. മഹാമാരിയുടെ ദുരിതകാലം ഉടൻ അവസാനിക്കുമെന്നും ലോകം പ്രത്യാശയിലേക്ക് ഉയർത്തെഴുന്നേൽക്കുമെന്നും ഫ്രാൻസീസ് മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ ഈസ്റ്റർ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇരുനൂറു പേർ മാത്രമാണ് വത്തിക്കാനിലെ ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തത്. ഈ ഇരുണ്ട കാലത്ത് പ്രത്യാശയുടെ ദൈവ സന്ദേശം കേൾക്കാൻ ലോകം തയാറാകണമെന്ന് മാർപാപ്പ പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പ്രതിസന്ധികളെ ഒന്നിച്ചു മറികടക്കാനും മനുഷ്യന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണകളുയർത്തി കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. എറണാകുളം സെന്‍റ്മേരീസ് ബസിലിക്കയിൽ സിറോ മലബാർ സഭ  മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചടങ്ങുകൾക്ക് മുഖ്യകാർമികനായി. ലൗകികമായ വിജയങ്ങൾക്കുവേണ്ടി പരക്കം പായുന്ന മനുഷ്യരെയാണ് ഇന്ന് നാം കൂടുതലായി കാണുന്നതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. പണം വേണം, പദവി വേണം, അധികാരം വേണം. അങ്ങനെ ജനമദ്ധ്യേ അധികാരം ഉപയോഗിക്കുന്നവനായി മാറണമെന്നുള്ള ചിന്ത എല്ലാ രംഗങ്ങളിലും ദൃശ്യമാണ്. സാധാരണക്കാരിലും ഉയർന്ന നിലവാരം പുലർത്തുന്നവരിലും ഈ പ്രവണതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കൊവിഡ് 19 ന്റെ ആഘാതത്തിൽപ്പെട്ടുഴലുന്ന ഇന്നത്തെ മനുഷ്യസമൂഹത്തിനും ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശ നൽകുന്നു. ഈ വൈറസ് ബാധയിൽനിന്നു മനുഷ്യസമൂഹം രക്ഷപ്പെട്ടുവരികയാണ്. എങ്കിലും, ഈ വൈറസിന്റെ വകഭേദങ്ങൾ ഇനിയും നമ്മെ പിടികൂടുമോ എന്ന ആശങ്കയിലാണല്ലോ നമ്മളെന്നും കർദിനാൾ പറഞ്ഞു. കൊവിഡ്  പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ദേവാലയത്തിൽ ഈസ്റ്റർ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്.

Follow Us:
Download App:
  • android
  • ios