Asianet News MalayalamAsianet News Malayalam

തിരുപ്പിറവിയുടെ സ്മരണയിൽ ലോകം ക്രിസ്മസ് ആഘോഷിക്കുന്നു; സഭയുടെ വീഴ്ചകൾ വിശ്വാസികളെ അകറ്റാതിരിക്കട്ടെയെന്ന് മാര്‍പാപ്പ

സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം ലോകം മുഴുവൻ പകർന്നു നൽകിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് ഓരോ വിശ്വാസിയും

christmas celebrations all across world and kerala
Author
Thiruvananthapuram, First Published Dec 25, 2019, 7:52 AM IST

തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്തുമസ്. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രാർത്ഥാനാ നിർഭരമായ മനസുമായി ക്രൈസ്തവർ പാതിരാക്കുർബാനയ്ക്കായി ഒത്തുചേർന്നു. മതങ്ങളുടെ പേരിൽ ഭിന്നിപ്പിക്കുന്നവർ ലോകത്തെ മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലുമുണ്ടെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ക്രിസ്മസ് ദിന സന്ദേശത്തിൽ പറഞ്ഞു. വത്തിക്കാനിലെ ചടങ്ങുകളിൽ ഫ്രാൻസിസ് മാർപ്പാപ്പ കാർമികനായി.

സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം ലോകം മുഴുവൻ പകർന്നു നൽകിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് ഓരോ വിശ്വാസിയും. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ കർദിനാൾ മാർജോർജ്ജ് ആലഞ്ചേരി തിരുപ്പിറവി ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് സൂസപാക്യം കാർമ്മികത്വം വഹിച്ചു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കുന്നംകുളം മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.യാക്കോബായ സുറിയാനി സഭയുടെ കൊച്ചി എളംകുളം സെന്റ് മേരീസ് സൂനോറോ കത്തീഡ്രലിൽ നടന്ന ക്രിസ്തുമസ് ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മുഖ്യ കാർമികത്വം വഹിച്ചു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക ബാവയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന ചടങ്ങുകൾ.

ദില്ലിയിലെ മലയാളികളും ക്രിസ്മസ് ആഘോഷത്തിലാണ്. നഗരത്തിലെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങൾ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളുണ്ടായിരുന്നു. ഗുരുഗ്രാം ലൂർദ് മാതാ ദേവാലയത്തിൽ പിറവി തിരുനാൾ കർമ്മങ്ങളും പാതിരാ കുർബാനയും നടന്നു. നോയിഡ സെന്റ് അൽഫോൺസാ ഇടവക പള്ളി, ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി, മയൂർ വിഹാർ സെന്റ് മേരീസ് പള്ളി എന്നിവിടങ്ങളിൽ വിശുദ്ധ കുർബാന നടന്നു. ബഥേൽ മാർത്തോമ ഇടവക പള്ളിയിൽ ക്രിസ്മസ് കരോൾ ആഘോഷവും പ്രത്യേക പ്രാർത്ഥനയുമുണ്ടായി.

സഭയുടെ വീഴ്ചകൾ വിശ്വാസികളെ ദൈവസന്നിധിയിൽ നിന്ന് അകറ്റാതിരിക്കട്ടെയെന്ന് മാർപാപ്പ

സഭയുടെ വീഴ്ചകൾ ദൈവത്തിൽനിന്ന് വിശ്വാസികളെ അകറ്റാതിരിക്കട്ടെ എന്ന് ക്രിസ്മസ് സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ പാതിരാക്കുർബാനയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പ അതിനിടെയാണ് വൈദികർക്കെതിരായ ലൈംഗീകപീഡന ആരോപണങ്ങൾ പരാമർശിച്ചത്. രണ്ട് പതിറ്റാണ്ടായി സഭ നേരിടുന്ന ആരോപണങ്ങൾ ഇനിമുതൽ മറച്ചുവയ്ക്കില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്നാണ് മാർപാപ്പ ക്രിസ്മസ് ദിന സന്ദേശം നൽകുന്നത്.

Also Read: തിരുപ്പിറവിയുടെ നന്മയുമായി ക്രിസ്മസ്, ലോകമെങ്ങും വിശ്വാസികൾ ആഘോഷത്തിൽ

Follow Us:
Download App:
  • android
  • ios