തിരുവനന്തപുരം: സഭാതർക്കം പരിഹരിക്കാൻ നിയോഗിച്ച ഇ പി ജയരാജന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി യോഗം ചേരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓർത്തഡോക്സ്-യാക്കോബായ സഭാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുന്നില്ല.

ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കം ക്രമസമാധാന പ്രശ്‌നമായിക്കൂടി വളരുന്ന പശ്ചാത്തലത്തിൽ സർക്കാരിന്റെ സമവായശ്രമത്തിന്‍റെ ഭാഗമായാണ് യോഗം ചേരുന്നത്. സഭാ തര്‍ക്കം നിലനില്‍ക്കുന്ന ജില്ലകളിലെ കളക്ടര്‍മാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം ചേരുന്നത്.

കഴിഞ്ഞ തവണ ചർച്ചയിൽ പങ്കെടുത്തില്ലെങ്കിലും മന്ത്രി ഇ പി ജയരാജനെ ഔദ്യോഗികവസതിയിലെത്തി ഓർത്തഡോക്‌സ് പ്രതിനിധികൾ സന്ദർശിച്ചിരുന്നു. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടാണ് പ്രതിനിധികൾ ആവർത്തിച്ചത്. ചില പള്ളികളിൽ ഓർത്തഡോക്‌സ് വിഭാഗം കയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ വീണ്ടും സമവായസാധ്യത തേടുന്നത്.