Asianet News MalayalamAsianet News Malayalam

George Alencherry : സഭാ ഭൂമി ഇടപാട് കേസ്; കർദിനാൾ മാർ ആലഞ്ചേരി കോടതിയിൽ ഹാജരായില്ല

സുപ്രീംകോടതിയിൽ കേസ് നിലവിലുണ്ടെന്നും മതപരമായ തിരക്കും മൂലമാണ് ഹാജരാകാത്തതെന്ന് കർദിനാളിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് സ്ഥിരമായി ഒഴിവാക്കണമെന്നും കർദിനാള്‍ അപേക്ഷ നല്‍കി.

church land case cardinal mar george alencherry not appear in court
Author
Kochi, First Published Apr 12, 2022, 1:06 PM IST

കൊച്ചി: സിറോ മലബാ‍ർ സഭാ (sero malabar sabha) ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി (Cardinal Mar George Alencherry) കോടതിയിൽ ഹാജരായില്ല. തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാകണം എന്നായിരുന്നു കർദിനാളിന് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍, സുപ്രീംകോടതിയിൽ കേസ് നിലവിലുണ്ടെന്നും മതപരമായ തിരക്കും മൂലമാണ് ഹാജരാകാത്തതെന്ന് കർദിനാളിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് സ്ഥിരമായി ഒഴിവാക്കണമെന്നും കർദിനാള്‍ അപേക്ഷ നല്‍കി. കോടതിയിൽ ഹാജരായ ശേഷമേ അപേക്ഷ പരിഗണിക്കാവൂ എന്ന് പരാതിക്കാരൻ കോടതിയോട് ആവശ്യപ്പെട്ട്. ഇക്കാര്യത്തിൽ എതിർ സത്യ വാങ്മൂലം ഫയൽ ചെയ്യാൻ പരാതിക്കാരനോട് കോടതി നിര്‍ദ്ദേശിച്ച്. കേസ് മെയ് 16ലേക്ക് മാറ്റി.

സിറോ മലബാർ സഭ കൈമാറിയത് സർക്കാർ ഭൂമിയാണോയെന്നന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സുപ്രീംകോടതിയെ സമീപിച്ചു. ഭൂമിയുടെ സ്വഭാവം സംബന്ധിച്ച സംശയത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം പള്ളി വക സ്വത്തുക്കളെ സംബന്ധിച്ച് ഹൈക്കോടതിക്ക് അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. കാക്കനാട് ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാദമായ ഭൂമി വിൽപ്പനയിൽ  കോടികളുടെ കള്ളപണയിടപാടാണ് നടന്നിട്ടുള്ളതെന്നാണ് എൻഫോഴ്സ്മെന്റിന്റെ പ്രാഥമിക കണ്ടെത്തൽ. കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് 24 പേർക്കെതിരെ ഇഡി അന്വേഷണം നടത്തുന്നത്. ഭൂമി വിൽപ്പനയിൽ നികുതി വെട്ടിച്ചതിന് ആറര കോടിരൂപ നേരത്തെ ആദായ നികുതി വകുപ്പ് പിഴയിട്ടിരുന്നു.

കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. കേസന്വേഷണത്തിന്‍റെ ഭാ​ഗമായി ഇടനിലക്കാർക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.

വിവാദമായ സഭാ ഭൂമിയിടപാട് കേസിൽ കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്‍റെ അന്വേഷണവും നടക്കുന്നുണ്ട്. ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം. തണ്ടപ്പേര് തിരുത്തിയോ, ക്രമക്കേടിൽ സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും റവന്യു സംഘം പരിശോധിക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണം തുടങ്ങിയത്. സീറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദ്ദിനാൾ വിചാരണ നേരിടണമെന്ന സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു.

ആലഞ്ചേരിയുടെ അപ്പീൽ തള്ളിയ ഹൈക്കോടതി ആറു കേസിൽ ഒന്നിൽ കൂടുതൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് അന്വേഷണത്തായി പുതിയ സംഘത്തെ നിയോഗിച്ചത്. ലാൻഡ് റവന്യു വകുപ്പ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തെയാണ് നിയോഗിച്ചത്.

വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. യഥാർത്ഥ പട്ടയത്തിൻ്റെ അവകാശിയെയും കണ്ടെത്തിയ പൊലീസും കൂടുതൽ അന്വേഷണം ശുപാർശ ചെയ്തിരുന്നു. അതിവേഗം റിപ്പോർട്ട് നൽകാനാണ് നിദ്ദേശം. വിചാരണയിൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നായിരുന്നു കർദ്ദിനാൾ അറിയിച്ചത്. അതിനിടെയാണ് ഭൂമി ഇടപാടിലെ റവന്യു അന്വേഷണം.

Follow Us:
Download App:
  • android
  • ios