കൊച്ചി:  മൂന്ന് ദിവസം മുൻപ് കാണാതായ സിഐ നവാസ്  കേരളത്തിലെത്തി. വാസിനെ കൊണ്ടുവരാന്‍ പോയ പൊലീസ് സംഘത്തിനൊപ്പമാണ് അദ്ദേഹം കേരളത്തിലെത്തിയത്. തമിഴ്നാട്ടിലെ കരൂരിൽ നിന്ന്  ഇന്ന് രാവിലെയാണ് പൊലീസ് നവാസിനെ കണ്ടെത്തിയത്. 

നാഗര്‍കോവിൽ കൊയന്പത്തൂര്‍ എക്സ് പ്രസിൽ യാത്രചെയ്യുകയായിരുന്നു സിഐ നവാസ്. കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഇടയ്ക്ക് ഓണാക്കിയപ്പോൾ ടവര്‍ ലൊക്കേഷൻ തിരിച്ചറിഞ്ഞ കേരളാ പൊലീസ് തമിഴ്നാട് ആര്‍പിഎഫിന്‍റെ സഹായം തേടുകയായിരുന്നു. ഇടുക്കി സ്വദേശിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് നവാസിനെ തിരിച്ചറിഞ്ഞത്. 

കരൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ നവാസ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചു. രാമേശ്വരത്തേക്ക് പോയതാണെന്നാണ് നവാസ് പറയുന്നത്. മൂന്ന് ദിവസം മുമ്പ് മേലുദ്യോഗസ്ഥനുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നവാസ് ആരോടും പറയാതെ വീട് വിട്ടിറങ്ങിയത്. ഭര്‍ത്താവിനെ കാണാനില്ലെന്ന് നവാസിന്‍റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മേലുദ്യോഗസ്ഥരുടെ പീ‍ഡനത്തെത്തുടർന്നാണ് സിഐ നാട് വിട്ടതെന്നാരോപിച്ച് നവാസിന്‍റെ ഭാര്യ മുഖ്യമന്ത്രിക്കും പരാതി നൽകി.

കൊച്ചിയിലെ വീട്ടിൽ നിന്ന് ഇറങ്ങി കൊല്ലത്തേക്ക് ബസ്സിൽ തിരിച്ച നവാസ് പിന്നെ ട്രെയിനിലാണ് മധുരയ്കക്ക് പോയതെന്നാണ് വിവരം. കൊല്ലം വരെ നവാസ് എത്തിയ കാര്യം അന്വേഷണ സംഘവും നേരത്തെ സ്ഥിരീകരിച്ചിരുന്നു.രാമേശ്വരത്തേക്ക് പോയെന്നാണ് നവാസ് പറയുന്നത്. നവാസിനെ കണ്ടെത്താനായതിൽ ആശ്വാസമുണ്ടെന്ന് കുടുംബം പ്രതികരിച്ചു.

നവാസിന്‍റെ തിരോധാനത്തെ കുറിച്ച് കമ്മീഷണര്‍ മാധ്യമങ്ങളോട് :

സിഐ നവാസിന്‍റെ ചിത്രം സഹിതം വിവരം ഇന്നലെ തന്നെ മറ്റു സംസ്ഥാനങ്ങളിലെ പൊലീസിന് കൈമാറിയിരുന്നു.രാത്രിയോടെ നവാസ്  തമിഴ് നാട്ടില്‍ ഉള്ളതായി വിവരം ലഭിച്ചു. തുടര്‍ന്ന് റെയില്‍വെ പൊലീസിന് വിവരം കൈമാറുകയും അവര്‍ ഇദ്ദേഹത്തെ തിരിച്ചറിയുകയും ആയിരുന്നു. ഇപ്പോള്‍ കേരളപൊലീസ് കരൂരില്‍ എത്തി സിഐ നവാസുമായി കേരളത്തിലേക്ക് തിരിച്ചു വരികയാണ്. ഉച്ചയോടെ നവാസ് കൊച്ചിയിലെത്തും.
ആദ്യം അദ്ദേഹം വീട്ടുകാരെ കാണും ശേഷം എന്താണ് സംഭവിച്ചത് എന്തിനാണ് ഇങ്ങനെ പോകേണ്ടി വന്നത് എന്നീ കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നു തന്നെ ചോദിച്ചറിയണം. അദ്ദേഹത്തെ കോടതിയില്‍ ഹാജരാകണം. മറ്റു കാര്യങ്ങളൊക്കെ അതിന് ശേഷം തീരുമാനിക്കും.

ആപത്തൊന്നും കൂടാതെ ആളെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഞങ്ങള്‍. അദ്ദേഹം പൊലീസ് സേനയുടെ ഭാഗമാണ്. ഞങ്ങളുടെ കുടുംബാംഗമാണ. അദ്ദേഹത്തെ കണ്ടെത്താന്‍ സാധിക്കാതെ വന്നെങ്കില്‍ അതൊരു വേദനയായി മാറിയേനെ. കൊച്ചി എസിയും സിഐയും തമ്മിലുള്ള ഔദ്യോഗിക ബന്ധം വളരെ മോശമാണെന്ന് നമ്മുക്ക് മനസിലായിട്ടുണ്ട്. പൊലീസിംഗ് വളരെ ഉത്തരവാദിത്തപ്പെട്ട ജോലിയാണ് വളരെ ജോലിഭാരം കൂടുതലാണ്. അത് നല്ല രീതിയില്‍ നടത്തികൊണ്ടു പോവുക എന്നത് വെല്ലുവിളിയാണ്. നവാസിന്‍റെ തിരോത്ഥാനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചു.