ആലപ്പുഴ: തന്നെ കുടുക്കിയതാണെന്ന് അളവിൽ കൂടുതൽ മദ്യവുമായി പിടിയിലായ എക്സൈസ് സിഐ ഷിബു. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സിഐ ഷിബുവാണ് ഇന്ന് ചേർത്തലയിൽ നടന്ന വാഹപരിശോധനക്കിടയിൽ ഏഴ് ലിറ്ററോളം മദ്യവുമായി പിടിയിലായത്. തിരുവനന്തപുരം സ്വദേശിയാണ് ഇദ്ദേഹം. തനിക്ക് മദ്യം പാക്ക് ചെയ്ത് വണ്ടിയിൽ വച്ച് തന്നത് സഹപ്രവർത്തകരാണെന്ന് ഷിബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

"തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയ തന്റെ പക്കൽ, വിരമിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകാനെന്ന പേരിൽ മദ്യം തന്നു വിട്ടത് എറണാകുളം എക്സൈസ് സിഐയാണ്. ഓഫീസ് ജീവനക്കാരനാണ് മദ്യം പാക്ക് ചെയ്ത് തന്റെ വാഹനത്തിൽ വച്ചത്. തിരുവനന്തപുരത്ത് എത്തിക്കാനുള്ള ചില ഔദ്യോഗിക രേഖകളും തന്റെ പക്കൽ ഉണ്ടായിരുന്നു. എത്ര ലിറ്റർ മദ്യം ഉണ്ടെന്ന്  നോക്കിയില്ലെന്നും താൻ മദ്യപിക്കുന്ന ആളല്ലെന്നും ഷിബു പറഞ്ഞു. ലഹരി കേസുകൾ പിടിച്ചതിൽ തന്റെ ഓഫീസിലെ  ഉദ്യോഗസ്ഥരുമായി ചേർന്ന് ആരെങ്കിലും കുടുക്കിയതാവാമെന്നും ബിഎൽ ഷിബു പറഞ്ഞു.