സിബില്‍ സ്കോര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ ജന്നി വര്‍ഗ്ഗീസിനെയും കൂട്ടുപ്രതികളായ ബാങ്ക് ഉദ്യോഗസ്ഥരെയും ബാങ്ക് ഓഫ് മഹാരാഷ്ട്ര ഫ്രോഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി.

തിരുവനന്തപുരം: സിബില്‍ സ്കോര്‍ തട്ടിപ്പ് കേസിലെ പ്രതികളായ ജന്നി വര്‍ഗ്ഗീസിനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ഫ്രോഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി ബാങ്ക് ഓഫ് മാഹാരാഷ്ട്ര. ഇവര്‍ക്കെതിരെ സിബിഐ അന്വേഷണത്തിനും ശുപാര്‍ശ ചെയ്തു. ജന്നി വര്‍ഗ്ഗീസ്, സഹോദരന്‍ ജിനു വര്‍ഗ്ഗീസ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉദ്യോഗസ്ഥരായ ഷിബു ജേക്കബ്, ജിബിന്‍ വര്‍ഗ്ഗീസ്, അബില്‍ എന്‍ എസ് എന്നിവരെയാണ് ഫ്രോഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സിബിൽ സ്‌കോർ കുറവുള്ളവരുടെ ആധാരം കൈക്കലാക്കിയ പ്രതികൾ ഉടമയറിയാതെ കോടികൾ തട്ടിയെടുക്കുകയായിരുന്നു. ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് തങ്ങളുടെ പേരിൽ വായ്‌പയെടുത്ത കാര്യം പലരും തിരിച്ചറിഞ്ഞത്.

14 ലോണുകളിലായി 72 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ബാങ്കിന്‍റെ കണ്ടെത്തല്‍. ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ഫ്രോഡ് മോണിറ്ററിംഗ് ഗ്രൂപ്പാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ സിബിഐ, പൊലീസ് അന്വേഷണങ്ങള്‍ക്കുളള നടപടിയെടുക്കാനും റിക്കവറി നടപടികള്‍ സ്വീകരിക്കാനും എറണാകുളം സോണല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിന് പിന്നാലെയായിരുന്നു ബാങ്ക് ഓഫ് മഹാരാഷ്ട്ര ലോണ്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തിയത്.

സാമ്പത്തിക ബുദ്ധിമുട്ടുള്ളവരുടെയും കുറഞ്ഞ സിബിൽ സ്‌കോർ ഉള്ളവരുടെയും രേഖകൾ ചെറിയ സാമ്പത്തിക സഹായം നൽകിയാണ് സംഘം കൈക്കലാക്കിയത്. ഈ രേഖകളും വ്യാജ ഒപ്പുകളും ഉപയോഗിച്ച് ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോടികളുടെ ബിസിനസ് വായ്പകൾ സംഘം പാസാക്കിയെടുക്കുകയായിരുന്നു.