തിരുവനന്തപുരം: സിംസ് പദ്ധതിയുമായി ബന്ധപ്പെട്ട  വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. ഗാലക്സോണിനെ ടെണ്ടറിലൂടെ തെരഞ്ഞെടുത്തത് കെൽട്രോണാണ്. സർക്കാരിന് ഇക്കാര്യത്തിൽ ചെലവില്ല. കമ്പനി ഡയറക്ടർമാരെ കുറിച്ചുള്ള വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെൽട്രോണിന് നിർദ്ദേശം നൽകി. 

ഇതിനിടെ പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിൽ വിശദീകരണവുമായി മീഡിയാട്രോണിക്സ് കമ്പനിയും രംഗത്തെത്തി. ഗാലക്സോൺ കമ്പനിയുമായി ഒരു ബന്ധവുമില്ലെന്നാണ് മീഡിയാട്രോണിക്സിന്റെ വിശദീകരണം. ബിനാമി കമ്പനിയെന്ന മാധ്യമവാർത്ത തെറ്റാണ്. ട്രാഫിക് ഉപകരണങ്ങളുടെ നിർമാണത്തിൽ പേര് കേട്ട സ്ഥാപനമാണ് മീഡിയോട്രോണിക്സ് എന്നും സിഇഒ അറിയിച്ചു.

കേരള പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി കണ്ടെത്തലുകൾ തള്ളി ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. തോക്കുകൾ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ ശരിവച്ചു. രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തോക്കുകളും തിരകളും കാണായിട്ടില്ല. 94 മുതൽ തോക്കുകളുടെ രജിസ്റ്റർ സൂക്ഷിക്കുന്നതിൽ വീഴ്ച്ചയുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും കാണാനില്ലെന്ന് പറഞ്ഞ്, സുരക്ഷാ പ്രശനം ഉണ്ടെന്ന് പ്രചാരണം നടത്തുന്നത് തെറ്റാണ്. ഫണ്ട് വകമാറ്റിയതിനെ സർക്കാർ അംഗീകരിച്ചിട്ടുണ്ട്‌. ഉപകരങ്ങൾ വാങ്ങിയത് സർക്കാർ സ്ഥപനമായ കെൽട്രോൺ വഴി. പൊലീസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് പറയുന്നു.

കെൽട്രോണിന്റെ ഭാഗത്തുള്ള വീഴ്ചയാണ് സിഎജി ചൂണ്ടിക്കാട്ടിയത്. എന്നാൽ കെൽട്രോണിനെ കുറ്റപ്പെടുന്നത് നീതിപൂർവ്വമല്ലെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോർട്ടിൽ പറയുന്നു. ഡിജിപിയുടെ പേരെടുത്ത് പറഞ്ഞതിന് സിഎജിയെ ആഭ്യന്തര സെക്രട്ടറി തന്റെ റിപ്പോർട്ടിൽ വിമർശിച്ചു. ഇത്തരം വിമർശനം സിഎജി നടത്തുന്നത് പതിവില്ലെന്നും ആഭ്യന്തര സെക്രട്ടറി.