തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷക്കാലമാണ് ഓണം. ഇത് ഇന്ന് കേരളീയരുടെ മാത്രം ദേശീയ ഉത്സവമല്ല മറിച്ച് ആ​ഗോള ഉത്സവമാണ്. ലോകത്തിന്‍റെ ഏതു ഭാഗത്തും, മലയാളി എവിടെ ഉണ്ടോ അവിടെ ഓണവുമുണ്ട്. അത്തരത്തിൽ മലയാളികൾക്കൊപ്പം ഓണം ആഘോഷിക്കുകയാണ് വിദേശ കലാകാരന്മാർ.

തിരുവന്തപുരത്ത് നടക്കുന്ന ജംബോ സർക്കസിലെ അംഗങ്ങൾ അത്തപ്പൂക്കളം ഒരുക്കിയാണ് ഓണാഘോഷങ്ങളിൽ പങ്കുചേർന്നത്. ഓണം മലയാളികളുടെ മാത്രം ആഘോഷമല്ല മലയാളത്തെ സ്നേഹിക്കുന്നവരുടെയും കൂടിയാണെന്ന് തെളിയിക്കുകയാണ് ജംബോ സർക്കസിലെ കലാകാരന്മാർ.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കലാകാരൻമാരാണ് സർക്കസിന്‍റെ ഭാഗമാകുന്നത്. ടാൻസാനിയ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അധികവും. ഒരിക്കലും മറക്കാത്ത  ഓർമ്മകളാണ് ഇവർക്ക് ഇത്തവണ മലയാളം സമ്മാനിക്കുന്നത്. അതു തന്നെയാണ് ഓണത്തിന്‍റെ സമൃദ്ധിയും.