മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുന്നിൽ നിന്ന് നയിച്ചിട്ട് കോഴിക്കോട് പോലും പരാജയം ഉണ്ടായെന്ന് പിവി അൻവർ. സർക്കാരിന് തുടരാൻ ഉള്ള അവകാശം നഷ്ടപ്പെട്ടുവെന്നും പിണറായിയിൽ നിന്ന് മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചതെന്നും അൻവർ. 

മലപ്പുറം: തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം പിണറായിസത്തിന് ഏറ്റ തിരിച്ചടിയെന്ന് തൃണമൂൽ കോൺ​ഗ്രസ് നേതാവ് പിവി അൻവർ. മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുന്നിൽ നിന്ന് നയിച്ചിട്ട് കോഴിക്കോട് പോലും പരാജയം ഉണ്ടായി. സർക്കാരിന് തുടരാൻ ഉള്ള അവകാശം നഷ്ടപ്പെട്ടു. പിണറായിയിൽ നിന്ന് മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചത്. അതല്ല ഉണ്ടായത്. മതേതര നിലപാടുകളുള്ളവരെ വെല്ലുവിളിക്കുകയാണ് പിണറായി ചെയ്തതെന്നും പിവി അൻവർ പറഞ്ഞു.

2026ൽ നൂറു സീറ്റിൽ അധികം യുഡിഎഫിന് നേടാനാകും. തൊഴിലാളി വിഭാഗവും മതേതര മനുഷ്യരും എൽഡിഎഫിനെ കൈവിട്ടു. തദ്ദേശ തെരെഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് എവിടേയും മത്സരിച്ചിട്ടില്ല. യുഡിഎഫിനെ പിന്തുണക്കുകയാണ് ചെയ്തതെന്നും പിവി അൻവർ പറഞ്ഞു. 

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടി കനത്ത പ്രഹരമാണെന്ന് വിലയിരുത്തുകയാണ് സിപിഎം. ശബരിമല സ്വര്‍ണക്കൊള്ളയടക്കം തിരിച്ചടിയായെന്നും ഭരണവിരുദ്ധ വികാരമുണ്ടായെന്നുമാണ് സിപിഎം വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും സര്‍ക്കാര്‍ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ സംഘടനാ തലത്തിൽ വീഴ്ചയുണ്ടായെന്നും വിലയിരുത്തുന്നു. പരാജയം ഇഴകീറി പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ള വിവാദം തിരിച്ചടിയായി. വിഷയത്തിലുണ്ടായ ഇടതുവിരുദ്ധ ഹേറ്റ് ക്യാമ്പയിനെ പ്രതിരോധിക്കാനായില്ല. അടിസ്ഥാന വോട്ടിൽ വരെ വിവാദം വിള്ളലുണ്ടാക്കി. സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ നിലപാട് ജനങ്ങളിലേക്ക് എത്തിക്കാനായില്ലെന്നും ആരോപണവിധേയരായ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തത് എതിര്‍വികാരം ഉണ്ടാക്കിയെന്നും സിപിഎം വിലയിരുത്തുന്നു.

ആഗോള അയ്യപ്പ സംഗമവും ഗുണം ചെയ്തില്ല. ഭൂരിപക്ഷ സമുദായങ്ങളെ കൂടെ നിര്‍ത്താനുള്ള നീക്കവും വിപരീത ഫലം ഉണ്ടാക്കി. ന്യൂനപക്ഷങ്ങള്‍ക്കിടയിൽ ഇടത് വിരുദ്ധ വികാരം ഉണ്ടായെന്നും ന്യൂനപക്ഷ വോട്ട് യുഡിഎഫിന് അനുകൂലമായെന്നും സിപിഎം വിലയിരുത്തുന്നു. സിപിഎം നേതൃത്വമാണ് ഇതുസംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ നടത്തിയത്. അതേസമയം, തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കോഴിക്കോട് മേയറടക്കമുള്ള സ്ഥാനങ്ങളും ചര്‍ച്ചയാകും. തിരുവനന്തപുരത്തും കൊല്ലത്തുമടക്കം പാര്‍ട്ടിയെ ഞെട്ടിച്ച കനത്ത പരാജയത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്താൻ എൽഡിഎഫ് ചൊവ്വാഴ്ച നേതൃയോഗം ചേരുന്നുണ്ട്.

മുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ കനത്ത തിരിച്ചടി മറികടക്കാനുള്ള തിരുത്തൽ വേണമെന്ന ആവശ്യം സിപിഐ ഉന്നയിച്ചു കഴിഞ്ഞു. ജോസ് കെ മാണിയുടെ തീരുമാനങ്ങളും യോഗത്തിൽ നിർണായകമാകും. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഎമ്മിന്‍റെയും സിപിഐയുടെയും നേതൃയോഗങ്ങൾ നാളെ ചേരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. ഇതിനിടെ, കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയും എൽഡിഎഫ് ഗൗരവത്തോടെ പരിശോധിക്കും. കാൽനൂറ്റാണ്ട് ഇടതു കോട്ടയായി ഉറച്ചു നിന്ന കൊല്ലം കോർപ്പറേഷൻ കൈവിട്ടുപോയത് എൽഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിനിടെ ക്ഷേമപെൻഷൻ വർധനയും അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനവും ജനം ചെവികൊണ്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ പോലെ തന്നെ അതിശക്തമായ സര്‍ക്കാര്‍ വിരുദ്ധ, സിപിഎം വിരുദ്ധ നിലപാടിലായിരുന്നു വോട്ടര്‍മാരെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വ്യക്തമായി. തുടര്‍ഭരണം ഉണ്ടാക്കിയ അഹങ്കാരം മുതല്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഏകപക്ഷീയ നടപടികള്‍ വരെ ജനങ്ങളെ വെറുപ്പിച്ചുവെന്ന അഭിപ്രായവും പലകോണിൽ നിന്ന് ഉയരുന്നുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള വാര്‍ത്തകളും സംഭവങ്ങളും പരാജയത്തിന്‍റെ ആഘാതം കൂട്ടി. മുഖ്യമന്ത്രിയോടും സിപിഎം നേതൃത്വത്തോടും ഏറ്റവും അടുപ്പമുള്ള രണ്ട് മുന്‍ ദേവസ്വം അധ്യക്ഷന്‍മാര്‍ ജയിലിലായത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നൽകിയത്. പത്മകുമാറിനെതിരെ ചെറിയൊരു നടപടിയെടുക്കാത്തത് പോലും ജനരോഷം ഇരട്ടിപ്പിച്ചു. ഇത് മറയ്ക്കാനായി രാഹുല്‍ മാങ്കൂട്ടത്തിൽ വിഷയം പരമാവധി പ്രചരിപ്പിച്ചെങ്കിലും ഏശിയില്ല. അതേസമയം, ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെ തള്ളിപറഞ്ഞ് കോണ്‍ഗ്രസ് സ്കോര്‍ ചെയ്യുകയും ചെയ്തു. 

YouTube video player