തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിവിധ സംഘടനകള്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹർത്താലനുകൂലികൾ  കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയ ശേഷം താക്കോൽ ഊരി കൊണ്ടുപോയി. തൊടുപുഴയ്ക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസിന്‍റെ താക്കോലാണ് ഊരി കൊണ്ടുപോയത്.

പാലക്കാട് വാളയാറിൽ തമിഴ്നാട് ആർട്ടിസി ബസിന് നേരെ കല്ലേറ്. വേളാങ്കണിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞത്.  പാലക്കാട് കെഎസ്ആർട്ടിസി സ്റ്റാന്റിലേയ്ക്ക് പ്രകടനവുമായി എത്തിയ ഹർത്താൽ അനുകൂലികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാലക്കാട് കെഎസ്ആർടിസി ബസ് തടയാൻ ശ്രമിച്ച ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വയനാട് പുൽപ്പള്ളിയിലും വെള്ളമുണ്ടയിലും ബസുകൾക്ക് നേരെ കല്ലേറ്. ചില്ലുകൾ തകർന്നു. പുൽപ്പള്ളിയിൽ മുൻകരുതലായി നാല് എസ്ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. തിരൂരിൽ നാല് ഹർത്താൽ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് നിന്നുള്ള കെഎസ്ആർടി സി സർവീസുകൾ നിർത്തി. ബത്തേരിയിൽ ബസിന് കല്ലേറുണ്ടായതോടെയാണ് സർവീസ് നിർത്തിയത്. പൊലീസ് സുരക്ഷ ഒരുക്കിയാലേ സർവീസ് നടത്തുവെന്ന് കെഎസ്ആർടിസി ഡ്രൈവര്‍മാര്‍ അറിയിച്ചു. അരുവിക്കരയിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി.

Also Read: സംസ്ഥാനത്ത് ഹര്‍ത്താല്‍; വാഹനങ്ങൾ തടയാനും ശ്രമിച്ചവര്‍ പൊലീസ് കസ്റ്റഡിയില്‍, നിരവധി പേര്‍ കരുതൽ തടങ്കലിൽ