തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. ഹർത്താലിന്‍റെ ഭാഗമായി കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ചവരെ പൊലീസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻകരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരെ കരുതൽ തടങ്കലിലാക്കി.

പാലക്കാട് കെഎസ്ആർടിസി ബസ് തടയാൻ ശ്രമിച്ച ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ച രണ്ട് പേരും പൊലീസ് കസ്റ്റഡിയിലാണ്. കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകരായ 13 പേര്‍ കരുതൽ തടങ്കലിലാണ്.  

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്‍റും വെൽഫെയർ പാർട്ടി പാണ്ടനാട് പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറിയുമായ അനീഷ് പാണ്ടനാട്, ദലിത് സഘടനാ നേതാവ് സതീഷ് കുമാർ എന്നിവരെ ചെങ്ങന്നൂർ പൊലീസ് കരുതൽ തടങ്കലിലെടുത്തു. ഇന്നലെ രാത്രിയാണ് ഇരുവരെയും കരുതൽ തടങ്കലിലെടുത്തത്.

കണ്ണൂരിൽ ഇതുവരെ ശാന്തമാണ്. സ്വകാര്യ ബസുകൾ ഓടുന്നില്ല. കെഎസ്ആർടിസി സർവീസുകൾ നടത്തുന്നുണ്ട്.  ജില്ലയിൽ ആകെ ഇതുവരെ 50 പേരെ കരുതൽ തടങ്കലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ ചക്കരക്കൽ, പരിയാരം, എടക്കാട്,  പാനൂർ,  മട്ടന്നൂർ, മുരിങ്ങോടി എന്നിവിടങ്ങളിൽ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിൽ ടയർ കത്തിച്ചു. ആലുവയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ആലുവ - മൂന്നാർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. എറണാകുളത്തും നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കെഎസ്ആർടിസി സർവീസുകൾ നടത്തുണ്ട്. 

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി, എസ്‍ഡിപിഐ, ബിഎസ്പി, ഡിഎച്ച്ആര്‍എം, പോരാട്ടം തുടങ്ങിയ സംഘടനകളാണ് ഇന്നത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ അനുമതി ഇല്ലാത്തതിനാല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മു‍ൻകരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്. 

ഹര്‍ത്താല്‍ ദിവസം പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Also Read: വ്യാജപ്രചാരണം നടത്തി ഹര്‍ത്താല്‍ ആഹ്വാനം: നാശനഷ്ടമുണ്ടാക്കിയാല്‍ കനത്ത പിഴയെന്ന് പൊലീസ്

അതേസമയം, ഇന്നത്തെ സ്കൂൾ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളിലും മാറ്റമില്ല. നാളത്തെ കേരള ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല. എ പി ജെ  അബ്ദുൾ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി ഡിസംബർ 17 ന് നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. എന്നാല്‍, തങ്ങള്‍ക്ക് കീഴിലുള്ള സ്കൂളുകളില്‍ നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചെന്ന് കേരള സെല്‍ഫ് ഫിനാന്‍സ് സ്കൂള്‍ ഫെഡറേഷന്‍ അറിയിച്ചു