കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില സംഘടനകള്‍ ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ച ഹര്‍ത്താലിനെ പിന്തുണക്കില്ലെന്ന് പ്രധാന മുസ്ലീം സംഘടനകള്‍. എപി, ഇകെ സുന്നിവിഭാഗങ്ങള്‍ അടക്കമുള്ളവരാണ് ഹര്‍ത്താലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കിയില്ല.

പൗരത്വ നിയമഭേദഗതിക്കെതിരെ പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള സംഘടനകളാണ് ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുമായി സഹകരിക്കേണ്ടെന്നാണ് പ്രധാന മുസ്ലീം സംഘടനകളുടെയെല്ലാം തീരുമാനം. തീവ്ര നിലപാടുകാരുമായി യോജിച്ച് ഹര്‍ത്താല്‍ വേണ്ടെന്നാണ് തീരുമാനമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ പറഞ്ഞു.

ആദ്യം ഹര്‍ത്താലിനോട് അനുകൂല നിലപാട് സ്വീകരിച്ച ഇകെ സുന്നി വിഭാഗത്തിന് ഇപ്പോള്‍ യോജിച്ചുള്ള ഹര്‍ത്താലിനെ മാത്രമേ അനുകൂലിക്കൂ എന്ന സമീപനമാണ് ഉള്ളത്. മുജാഹിദ് വിഭാഗവും ഈ ഹര്‍ത്താലിനെ പിന്തുണക്കുന്നില്ല. ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചാരണപ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിനോ യൂത്ത് ലീഗ് പങ്കാളിയാകരുതെന്ന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ മുസ്ലീംലീഗ് നേതൃത്വം വിയോജിപ്പ് പരസ്യമായി പ്രകടമാക്കിയിട്ടില്ല.

സിപിഎമ്മും ഹര്‍ത്താലിനെതിരാണ്. ഹര്‍ത്താല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനേ ഉപകരിക്കൂ എന്ന നിലപാടിലാണ് ഐ എന്‍ എല്‍. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമപരമായും കരുതലോടെയും നീങ്ങണമെന്ന അഭിപ്രായത്തിനാണ് മുസ്ലീം സംഘടനകള്‍ക്കിടയില്‍ മുന്‍തൂക്കം. സമരത്തില്‍ പ്രക്ഷുബ്ധാവസ്ഥ നിലനിര്‍ത്തിയാല്‍ തീവ്രസ്വഭാവമുള്ള ചില സംഘടനകള്‍ ഇത് മുതലെടുക്കുമെന്ന ആശങ്കയും ഭൂരിപക്ഷം മുസ്ലീം സംഘടനകള്‍ക്കുമുണ്ട്.