തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്ന പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. ഇന്ന്, ബംഗാളിലെ ഹൗറയിൽ നിന്നും എറണാകുളത്തേക്ക് പുറപ്പെടേണ്ടിയിരുന്ന  ഹൗറ എക്സ്പ്രസ് റദ്ദാക്കി.  17-ാം തീയതി എറണാകുളം ജംഗ്ഷനില്‍ നിന്ന് ഹൗറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എറണാകുളം- ഹൗറ എക്സ്പ്രക്സും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഹൗറയിലേക്കുള്ള ഹൗറ എക്സ്പ്രസ് എറണാകുളം വരെയാക്കി വെട്ടിച്ചുരുക്കി.12-ാം തീയതി അസമിലെ സിൽച്ചാറിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന സിൽച്ചാർ -തിരുവനന്തപുരം എക്സ്പ്രസും റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.

പശ്ചിമബംഗാളിലെ മുർഷിദാബാദിലെ ലാൽഗൊല റെയിൽവേസ്റ്റേഷനിൽ ഇന്ന് വൈകിട്ടുണ്ടായ പ്രക്ഷോഭത്തിനിടെ നിർത്തിയിട്ടിരുന്ന അഞ്ച് തീവണ്ടികൾ സമരക്കാർ തീയിട്ടു. ഇതിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബംഗ്ലാദേശിന്‍റെ അതിർത്തി പ്രദേശമായ മുർഷിദാബാദ് ജില്ലയിൽ വൻ അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്. അക്രമാസക്തമായ സമരങ്ങളാണ് പശ്ചിമബംഗാളിന്‍റെ പലയിടങ്ങളിലും നടക്കുന്നത്. ഗതാഗതം പൂർണമായി സ്തംഭിച്ച് ഒറ്റപ്പെട്ട നിലയിലാണ്. റോഡ്, റെയിൽ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു.

കൊൽക്കത്ത നഗരത്തിലെ ഹൗറയ്ക്ക് അടുത്ത് നൂറ് കണക്കിന് പേർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതിനിടെ ഒരു സംഘമാളുകൾ സംക്റെയിൽ റെയിൽവേ സ്റ്റേഷന്‍റെ ഒരു ഭാഗത്തിന് തീയിട്ടു. ടിക്കറ്റ് കൗണ്ടറിന് തീയിടാൻ ശ്രമിച്ച അക്രമികളെ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും തടയാൻ ശ്രമിച്ചെങ്കിലും ഇവരെ സമരക്കാർ മർദ്ദിച്ചെന്നാണ് പൊലീസ് പറയുന്നത്. മുർഷിദാബാദ് ജില്ലയിലെ പൊരാദംഗ, ജാംഗിപൂർ, ഫരാക്ക എന്നീ റെയിൽവേ സ്റ്റേഷനുകളിലും ഹൗറ ജില്ലയിലെ ബാവ്‍രിയ, നൽപൂർ സ്റ്റേഷനുകളിലും പ്രതിഷേധക്കാർ തീവണ്ടിട്രാക്കുകൾ തടസ്സപ്പെടുത്തിയതിനാൽ തീവണ്ടിഗതാഗതം പൂർണമായി തടസ്സപ്പെട്ടു. 

Also Read: ആളിക്കത്തി ബംഗാൾ: അഞ്ച് തീവണ്ടികൾ കത്തിച്ചു, ദില്ലിയിൽ മെട്രോ നിയന്ത്രണം, അസമിൽ ഉദ്യോഗസ്ഥ സമരം