Asianet News MalayalamAsianet News Malayalam

തിരുവാർപ്പിൽ ബസ്സുടമയെ മർദ്ദിച്ച സിഐടിയു നേതാവ് മാപ്പ് പറഞ്ഞു; ഹൈക്കോടതി കേസ് തീർപ്പാക്കി

മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് ബസ് ഉടമ രാജ് മോഹൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു

CITU leader appologise at court on attacking Thiruvarpp bus owner kgn
Author
First Published Sep 29, 2023, 11:48 AM IST

കോട്ടയം: തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവ് മാപ്പ് പറഞ്ഞു. ഇതോടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും സിഐടിയു നേതാവ് അജയൻ  മാപ്പ് അപേക്ഷിച്ചു. തുറന്ന കോടതിയിലാണ് അജയൻ മാപ്പ് ചോദിച്ചത്. മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് വെട്ടിക്കുളങ്ങര ബസുടമ രാജ്‌മോഹൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, കോടതി ഇത് അംഗീകരിക്കാതെ കേസ് തീർപ്പാക്കുകയായിരുന്നു.

ബസ് ഉടമയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് നിലവിലുണ്ടെന്നും അതിനാൽ കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്നും സത്യവാങ്മൂലത്തിലൂടെ അജയൻ ആവശ്യപ്പെട്ടിരുന്നു. മനപ്പൂർവ്വം കോടതി ഉത്തരവ്  ധിക്കരിച്ചിട്ടില്ലെന്നും വാഹനം തടഞ്ഞിട്ടില്ലെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. കോടതിയലക്ഷ്യ കേസിൽ കക്ഷി ചേർത്ത തന്റെ മേൽവിലാസം മോട്ടോർ മെക്കാനിക്ക് യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറി എന്നാണ്. താൻ അത്തരമൊരു സംഘടനയുടെ ഭാരവാഹിയല്ല. നിലവിൽ തിരുവാർപ്പ് പഞ്ചായത്തംഗമാണെന്നും അജയൻ വ്യക്തമാക്കിയിരുന്നു. ഇടക്കാല ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് എൻ നഗരേഷ് സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് നടപടി സ്വീകരിച്ചത്.

വേതനം നൽകുന്നതിലെ വിവേചനം അവസാനിപ്പിക്കണമെന്നും എല്ലാ ജീവനക്കാർക്കും ഒരേപോലെ വേതന വർധനവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് വെട്ടിക്കുളങ്ങര ബസിന് മുന്നിൽ സിഐടിയു സമരം തുടങ്ങിയത്. സമരത്തെ തുടർന്ന് ആഴ്ചകളോളം ബസ് സർവീസ് നിലച്ചു. തുടർന്ന് ബസുടമ ബിജെപി അനുഭാവിയായ രാജ്മോഹൻ ബസിന് മുന്നിൽ ലോട്ടറി വിൽപ്പന തുടങ്ങി. പിന്നീട് കോടതിയെ സമീപിച്ച് ബസ് സർവീസ് നടത്താൻ അനുമതി നേടി. ഇതിന്റെ ബലത്തിൽ പൊലീസ് സാന്നിധ്യത്തിൽ സിഐടിയുവിന്റെ ബസിന് മുന്നിലെ കൊടിതോരണങ്ങൾ അഴിക്കാൻ രാജ്മോഹൻ ശ്രമിച്ചപ്പോഴാണ് സിഐടിയു നേതാവായ അജയൻ ആക്രമിച്ചത്. തുടർന്ന് രണ്ട് പേരും തമ്മിൽ സംഘട്ടനമുണ്ടായി. പൊലീസും നാട്ടുകാരും ഇടപെട്ട് രണ്ട് പേരെയും പിടിച്ചുമാറ്റുകയായിരുന്നു.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്

Follow Us:
Download App:
  • android
  • ios