ചെറുവത്തൂരിൽ സിഐടിയു നേതാവ് കൃഷ്ണന്‍റെ നേതൃത്വത്തിൽ പ്രചാരണ പരിപാടി തടഞ്ഞെന്നായിരുന്നു യുഡിഎഫിന്‍റെ പരാതി. ഒരു നിമിഷത്തെ ആവേശത്തിൽ തെറ്റ് പറ്റിയതാണെന്ന് കൃഷ്ണൻ സമ്മതിച്ചെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

കാസർകോട്: തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരുടെ പ്രചാരണം തടഞ്ഞെന്ന പരാതിക്ക് പിന്നാലെ സന്ദീപ് വാര്യരെ താമസ സ്ഥലത്തെത്തി കണ്ട് സിഐടിയു നേതാവ്. സിഐടിയു നേതാവ് കൃഷ്ണൻ കാണാനെത്തിയ വീഡിയോ സന്ദീപ് വാര്യർ സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ചെറുവത്തൂരിൽ കൃഷ്ണന്‍റെ നേതൃത്വത്തിൽ പ്രചാരണ പരിപാടി തടഞ്ഞെന്നായിരുന്നു യുഡിഎഫിന്‍റെ പരാതി. ഒരു നിമിഷത്തെ ആവേശത്തിൽ തെറ്റ് പറ്റിയതാണെന്ന് കൃഷ്ണൻ സമ്മതിച്ചെന്ന് സന്ദീപ് വാര്യർ പറഞ്ഞു. രാഷ്ട്രീയ വൈരത്തിനപ്പുറം തൃക്കരിപ്പൂരിൻ്റെ മണ്ണിൽ കാത്തുസൂക്ഷിക്കുന്ന ആ പഴയ അയൽപക്ക ബന്ധവും സൗഹൃദവുമാണ് അവിടെ തിരികെ വന്നത്. ഇതാണ് രാഹുൽ ഗാന്ധി പറഞ്ഞ സ്നേഹത്തിൻ്റെ രാഷ്ട്രീയമെന്നും സന്ദീപ് വാര്യർ കുറിച്ചു.

Add Asianetnews as a Preferred SourcegooglePreferred

സന്ദീപ് വാര്യരുടെ കുറിപ്പിന്‍റെ പൂർണരൂപം

"രാഷ്ട്രീയത്തിന് മുകളിൽ മനുഷ്യത്വം ജയിക്കുമ്പോൾ; തൃക്കരിപ്പൂരിൽ സ്നേഹത്തിൻ്റെ ഒരു പുതിയ അധ്യായം.

കഴിഞ്ഞ ദിവസം ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ വെച്ച് യു ഡി എഫ് പ്രചരണ സംഘത്തിന് നേരെയുണ്ടായ ആ കൈയേറ്റം നമ്മെ എല്ലാവരെയും വേദനിപ്പിച്ച ഒന്നായിരുന്നു. എന്നാൽ ഇന്ന് എൻ്റെ വീടിൻ്റെ ഉമ്മറത്ത് ആ പഴയ 'രാഷ്ട്രീയ ശത്രുത' പടിയിറങ്ങിപ്പോകുന്നതിന് ഞാൻ സാക്ഷിയായി. ആക്രമണത്തിന് നേതൃത്വം നൽകിയ സിഐടിയു പ്രവർത്തകൻ കൃഷ്ണൻ ഇന്ന് വീട്ടിലെത്തി. തനിക്ക് സംഭവിച്ചത് വലിയൊരു തെറ്റാണെന്നും ആ നിമിഷത്തെ ആവേശത്തിൽ ചെയ്ത പ്രവർത്തിയിൽ വലിയ കുറ്റബോധമുണ്ടെന്നും അദ്ദേഹം നിറകണ്ണുകളോടെ പറഞ്ഞു. രാഷ്ട്രീയ വൈരത്തിനപ്പുറം തൃക്കരിപ്പൂരിൻ്റെ മണ്ണിൽ നമ്മൾ കാത്തുസൂക്ഷിക്കുന്ന ആ പഴയ അയൽപക്ക ബന്ധവും സൗഹൃദവുമാണ് അവിടെ തിരികെ വന്നത്. ഇതാണ് രാഹുൽ ഗാന്ധി പറഞ്ഞ സ്നേഹത്തിൻ്റെ രാഷ്ട്രീയം"

YouTube video player