കോഴിക്കോട്: സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പൊലീസ് അസോസിയേഷൻ. സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്ജിനെ നേരിൽ കണ്ട് അസോസിയേഷന്‍ പ്രതിഷേധമറിയിച്ചെങ്കിലും പരസ്യ പ്രതികരണത്തിന് തയ്യാറായില്ല. സസ്പെൻഷൻ ഓർഡറിൽ പെണ്‍കുട്ടിയുടെ പേര് മോശമായി പരാമർശിച്ചത് പൊതു ജനമധ്യത്തിൽ പൊലീസിന്‍റെ പ്രതിച്ഛായയെ ബാധിച്ചെന്നാണ് അസോസിയേഷന്‍റെ വിലയിരുത്തൽ. 

അതേസമയം മൊഴി തിരുത്തിയെന്നതടക്കം പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് പെണ്‍കുട്ടി ഉന്നയിക്കുന്നത്. കോഴിക്കോട് സിറ്റി കണ്‍ട്രോൾ റൂമിലെ സിപിഒ ആയ യു ഉമേഷിനെ അന്വേഷണ വിധേയനായി സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് പെണ്‍കുട്ടിയുടെ പേര് പരാമർശിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ സ്വഭാവത്തെക്കുറിച്ചടക്കം മോശമായ ആരോപണങ്ങളും സസ്പെൻഷൻ ഉത്തരവിലുണ്ട്. 

പൊലീസ് ഉദ്യോഗസ്ഥനെതിരെ സദാചാര ആരോപണങ്ങൾ ഉന്നയിച്ച് സസ്പെൻഡ് ചെയ്തതും യുവതിയെക്കുറിച്ച് മോശമായി സസ്പെൻഷൻ ഓർഡറിൽ പരാമർശിച്ചതും സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായി. വ്യക്തി സ്വാതന്ത്രമടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി സസ്പെൻഡ് ചെയ്തതിലാണ് പൊലീസ് അസോസിയേഷൻ പ്രതിഷേധമറിയിച്ചത്. 31 വയസുള്ള യുവതിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. 

യുവതിയെ രക്ഷിതാക്കളുടെ അടുത്ത് നിന്നും മാറ്റി വാടക ഫ്ലാറ്റില്‍ താമസിപ്പിച്ച് അവിടെ നിത്യ സന്ദര്‍ശനം നടത്തുന്നുവെന്നാണ് ഉമേഷിനെതിരായ ആരോപണം. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ നിന്ന് മാറിത്താമസിക്കുകയാണെന്ന് യുവതി വ്യക്തമാക്കുന്നു. അമ്മയുടെ പരാതിയിൽ മൊഴിയെടുക്കാൻ വന്ന പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ശരീരത്തെയും നിറത്തെയും അധിക്ഷേപിച്ചെന്നും കാണിച്ച് ഐജിക്ക് പരാതി നൽകിയെങ്കിലും മറുപടിയൊന്നും കിട്ടിയില്ലെന്ന് യുവതി പറയുന്നു.

നേരത്തെ കാടുപൂക്കുന്ന നേരം എന്ന സിനിമയുടെ പോസ്റ്ററും സംഭാഷണവും ഫെയ്സ്ബുക്കില്‍ പങ്കിട്ടതിന് ഉമേഷിന് കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കമ്മീഷണര്‍ തന്നോട് മുന്‍ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് സസ്പെന്‍ഷനിലായ ഉമേഷിന്‍റെ ആരോപണം.