കെ.ജി.പ്രതാപ ചന്ദ്രനെ സ്ഥലം മാറ്റിയത് മലയിൻകീഴ് സ്റ്റേഷനിലേക്ക്; സി.സി.പ്രതാപചന്ദ്രൻ പുതിയ എസ്എച്ച്ഒ

തിരുവനന്തപുരം: ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.പ്രതാപ ചന്ദ്രനെ സ്ഥലം മാറ്റി. മലയിൻകീഴ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. അഭിഭാഷകരും പൊലീസും തമ്മിലുള്ള സംഘർഷത്തിന്റെ തുടർച്ചയായാണ് നടപടി. എസ്എച്ച്ഒയെ മാറ്റണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ സമരത്തിലായിരുന്നു. പ്രതാപ ചന്ദ്രന് പകരം മലയിൻകീഴ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന സി.സി.പ്രതാപചന്ദ്രനെ ആറ്റിങ്ങലിലേക്ക് മാറ്റിയിട്ടുണ്ട്. 

കഴിഞ്ഞ മാസം 26ന് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകൻ മിഥുൻ മധുസൂദനനെ സ്റ്റേഷനിലെ പാറാവുകാരൻ തടഞ്ഞിരുന്നു. മിഥുൻ വിവരമറിയിച്ചതോടെ ബാർ അസോസിയേഷൻ പ്രസിഡന്റും മറ്റ് ഭാരവാഹികളും സ്ഥലത്തെത്തുകയും പാറാവുകാരന്റെ നടപടിയെ ചോദ്യം ചെയ്യുകയുമായിരുന്നു. എസ്ഐ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന കെ.ജി.പ്രതാപ ചന്ദ്രൻ സ്ഥലത്തെത്തിയതോടെ പ്രശ്നം വീണ്ടും വഷളായി. തുടർന്ന് പ്രതിഷേധിച്ച അഭിഭാഷകരെ മുതിർന്ന ഉദ്യോഗസ്ഥരെത്തിയാണ് അനുനയിപ്പിച്ചത്. ഇതിനുപിന്നാലെ എസ്എച്ച്ഒയെ ഒരാഴ‍്‍ച മാറ്റിനിർത്തിയിരുന്നു.