തിരുവല്ല: കോടതി സമുച്ചയത്തിനായി വിട്ടുനൽകിയ ഭൂമിയുടെ പകുതി ഭാഗം തിരികെ വേണമെന്ന ആവശ്യവുമായി തിരുവല്ല നഗരസഭ. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി. ഇതോടെ കോടതി സമുച്ചയത്തിന്‍റെ നിർമാണം അനിശ്ചിതത്വത്തിലായി.

തിരുവല്ല തിരുമൂലപുരത്ത് നഗരസഭയുടെ കൈവശമുണ്ടായിരുന്ന മൂന്നേക്കർ സ്ഥലത്തിന്‍റെ  പകുതി ഭാഗമാണ് കോടതി സമുച്ചയത്തിനായി വിട്ടുനൽകിയത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് കൈമാറിയ ഭൂമിയിൽ 24 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തത്. ഇതനുസരിച്ച് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടത്തി നിർമ്മാണം തുടങ്ങി. അപ്പോഴാണ് വിട്ടുനൽകിയ ഒന്നരയേക്കർ ഭൂമിയിൽ പകുതി തിരികെ വേണമെന്ന ആവശ്യവുമായി നഗരസഭ രംഗത്തെത്തിയത്. നഗരസഭ കൗൺസിൽ ചേർന്ന് തീരുമാനമെടുത്ത് ഭൂമി തിരികെ വേണമെന്ന് കാണിച്ച് പൊതുമരാമത്ത് വകുപ്പിന് കത്തും നൽകി.

2009 ലാണ് പദ്ധതിക്കായി ഒന്നര ഏക്കർ ഭൂമി നഗരസഭ കൈമാറിയത്. എന്നാൽ ഒമ്പത് വർഷത്തോളം ഇവിടെ തുടർ പ്രവർത്തികളൊന്നും നടന്നിരുന്നില്ല.  ഇതിനിടെ വാട്ടർ അതോറിറ്റിക്കും ഇവിടെ സ്ഥലം വിട്ടു നല്‍കി.  ഇതും നഗരസഭ തന്നെയാണ് നൽകിയത്.  ഈ സാഹചര്യത്തിലാണ് പാതി ഭൂമി തിരികെ ചോദിച്ചതെന്ന് തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളചിറക്കൽ പറഞ്ഞു.

എട്ടുനിലകളുള്ള കോടതി സമുച്ചയമാണ് പദ്ധതിയിൽ ഉള്ളത്. പില്ലറുകൾ സ്ഥാപിക്കാൻ പൈലിംഗ് ജോലികളും ആരംഭിച്ചിരുന്നു. നഗരസഭയുടെ പുതിയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ നിർമ്മാണം ആരംഭിച്ച പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായി മാറി.