കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കരുവംപൊയിൽ എസ്ഡിപിഐ-എൽഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. കരുവംപൊയിൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് സംഘർഷം ഉണ്ടായത്. കൊടുവള്ളി നഗരസഭയിലെ 16, 17, 19 ഡിവിഷനുകളിലെ പോളിംഗ് ബൂത്തുകൾ ഉള്ള സ്കൂളാണിത്. ഏതാണ്ട് അര മണിക്കൂര്‍ നേരം സംഘര്‍ഷം നീണ്ടുനിന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ പിടിച്ചുമാറ്റി. നേതാക്കള്‍ അടക്കമുള്ളവര്‍ പ്രദേശത്തെത്തിയിട്ടുണ്ട്. നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും പൊലീസ് സുരക്ഷ ശക്തമാക്കി.

അതേസമയം, പോളിങ്ങിനിടെ മലപ്പുറം ജില്ലയില്‍ രണ്ടിടത്ത് സംഘര്‍ഷമുണ്ടായി. എല്‍എഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് വനിത സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു. മലപ്പുറം പെരുമ്പടപ്പ് കോടത്തൂരിലാണ് പോളിങ് ബൂത്തിന് മുന്നിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. യുഡിഎഫ് സ്ഥാനാർത്ഥി സുഹറ അഹമ്മദിന് പരുക്കേറ്റു. പൊലീസ് ലാത്തി വീശി. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

താനൂർ നഗരസഭയിലെ പതിനാറാം വാര്‍ഡിലും യുഡിഎഫ് - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി മുൻ കൗൺസിലർ ലാമിഹ്  റഹ്മാന് പരിക്കേറ്റു. വോട്ടർമാരെ സ്വധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു സംഘർഷം. കണ്ണൂർ പരിയാരം പഞ്ചായത്തിലെ മാവിശേരിയില്‍ ബൂത്ത് ഏജന്റിനെ സിപിഎം പ്രവര്‍ത്തര്‍ മർദ്ദിച്ചതായി പരാതി.കോണ്‍ഗ്രസ്സിന്‍റെ ബൂത്ത് ഏജന്റ് നിസാറിനാണ് പരിക്കേറ്റത്.