കോട്ടയം: തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ തര്‍ക്കം പരിഹരിക്കാന്‍ ഇടപെടുന്നതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാല്‍ വഴുക്കി. കോട്ടയം പൂവത്തിളപ്പില്‍ അകലക്കുന്നം പഞ്ചായത്ത് തെരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അവലോകന യോഗത്തിലാണ് സംഭവം.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ സ്ഥാനത്ത് നിന്നും മാറ്റണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു. തുടര്‍ന്ന് എതിര്‍ വിഭാഗം ഇത് എതിര്‍ത്തു. തുടര്‍ന്ന് പ്രശ്നം വാക്കേറ്റത്തിലേക്കും തര്‍ക്കത്തിലേക്കും നീങ്ങി. ഇതോടെയാണ് യോഗത്തില്‍ പങ്കെടുത്തിരുന്ന ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ വേദിയില്‍ നിന്നും തിടുക്കപ്പെട്ട് ഇറങ്ങിയത്.

ഈ സമയത്താണ് പടിയില്‍ തട്ടി ഉമ്മന്‍ ചാണ്ടി കാല്‍ വഴുതി വീഴാന്‍ ഓങ്ങിയത്. സുരക്ഷ ജീവനക്കാരും പ്രവര്‍ത്തകരും ഇടപെട്ടതുകൊണ്ട് വീഴ്ച ഒഴിവായി. ഉമ്മന്‍ ചാണ്ടിക്ക് പരിക്കുകള്‍ ഒന്നും ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംഘടനതലത്തിലുള്ള അവലോകനത്തിനായി പുതുപ്പള്ളി മണ്ഡലത്തില്‍ പര്യടനം നടത്തുകയാണ് ഉമ്മന്‍ ചാണ്ടി.