ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയതോടെ വിശ്വാസികളെയും വൈദികരെയും പൊലീസ് പള്ളിക്കുള്ളിൽ നിന്നും പുറത്തേക്ക് മാറ്റി.

കൊച്ചി : തിരുപ്പിറവി ആഘോഷങ്ങൾക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ ജനാഭിമുഖ കുർബാനയെ ചൊല്ലി എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ വീണ്ടും സംഘർഷം. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പള്ളിക്കുള്ളിൽ പരസ്പപരം ഏറ്റുമുട്ടി. രാവിലെ പത്ത് മണിയോടെ സംഘർഷമുണ്ടായത്. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയതോടെ വിശ്വാസികളെയും വൈദികരെയും പൊലീസ് പള്ളിക്കുള്ളിൽ നിന്നും പുറത്തേക്ക് മാറ്റി.മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിമത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ജനാഭിമുഖമായി മാരത്തോൺ കുർബാന 12 ആം മണിക്കൂറിൽ പിന്നിട്ട ശേഷമാണ് പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന ഔദ്യോഗിക പക്ഷ വിശ്വാസികൾ അൾത്താരയിലേക്ക് തള്ളിക്കയറിയത്. കുർബാന അർപ്പിക്കുന്ന ബലിപീഠം പിന്നിലേക്ക് തള്ളി മാറ്റി. വിളക്കുകൾ നിലത്ത് വീണ് ചിന്നിചിതറി. വൈദികരെ അടക്കം കൈയ്യേറ്റം ചെയ്തു. 

എന്നാൽ രൂപക്കൂടിന് അടുത്ത് നിലയുറപ്പിച്ച വിമതവിഭാഗം വൈദികർ പള്ളി വിട്ട് പോകില്ലെന്ന് നിലപാടെടുത്തു. ഇതോടെ ഇരുവിഭാഗവും തമ്മിൽ അൾത്താരയ്ക്ക് മുന്നിലെ സംഘർഷം തുടർന്നു. പൊലീസെത്തി ഇവരെ പള്ളിയിൽ നിന്ന് പുറത്തെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങി. എന്നാൽ ക്രിസ്മസ് കാലത്ത് പള്ളി അടച്ചിടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വിശ്വാസികൾ നിലപാടെടുത്തു.

കൂടുതൽ സേനയെ എത്തിച്ച് പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തെങ്കിലും പിന്നെ പള്ളിമുറ്റത്തായി സംഘർഷം. ഒടുവിൽ ഡിസിപിയുടെ മധ്യസ്ഥതയിലുള്ള ചർച്ചയ്ക്ക് തയ്യാറാകണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ട് പൊലീസ് ഇരുവിഭാഗത്തെയും പള്ളിയുടെ ഗേറ്റിന് പുറത്തേക്ക് എത്തിച്ചു. ഇന്നലെ വൈകീട്ട് 5 മണി മുതലാണ് ഇരുവിഭാഗവും പള്ളിക്കുള്ളിലെത്തി ജനാഭിമുഖവും ഏകീകൃത രീതിയിലുള്ള കുർബാനയും നടത്തി തുടങ്ങിയത്. പല സമയങ്ങളിലായി കുർബാന അർപ്പിക്കണമെന്ന ആവശ്യം രണ്ട് കൂട്ടരോടും ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പാതിര കുർബ്ബാനയും തിരുപ്പിറവി ചടങ്ങും എങ്ങനെ നടത്തണമെന്നതിൽ അതിരൂപത നേതൃത്വം തീരുമാനമെടുക്കും.

YouTube video player

YouTube video player