കൊച്ചി: സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ നട്ടെല്ല് നഴ്സുമാര്‍ ആണെന്ന് നിസ്സംശയം പറയാന്‍ സാധിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് ഏര്‍പ്പെടുത്തിയ നഴ്സിംഗ് പുരസ്കാരം യഥാര്‍ത്ഥത്തില്‍ നഴ്സിംഗ് സമൂഹം മുഴുവനാണ് ഏറ്റു വാങ്ങുന്നതെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നഴ്സിംഗ് എക്സലന്‍സ് പുരസ്കാരദാനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. 

സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ സമഗ്രമായ മാറ്റമുണ്ടാക്കിയേ മതിയാകൂ. ശിശു മരണ നിരക്ക് കുറക്കാൻ ഈ സർക്കാരിന് സാധിച്ചു. 
മാതൃ മരണ നിരക്ക് 46 ആയും ഇക്കാലയളവില്‍ കുറ‍ഞ്ഞു. സംസ്ഥാനത്ത് വൻതോതിൽ പകർച്ച വ്യാധികൾ വ്യാപിച്ച വരികയാണ്. അതിനെതിരെ വലിയ ജാഗ്രതയാണ് നടത്തുന്നത്. നിപ ബാധ ഉണ്ടായപ്പോൾ  എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചാണ് നഴ്സുമാര്‍ പ്രവര്‍ത്തിച്ചത് എന്ന കാര്യം എന്നും ഓര്‍ക്കപ്പെടും. 

സംസ്ഥാനത്ത് കാൻസർ കെയർ ഗ്രിഡ് രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.  അതിനായുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്
ഇടക്കാലത്ത് കൂണുകൾ പോലെ നഴ്സിംഗ് സ്കൂളുകൾ വന്നുവെന്നും അതിൽ ചിലത് നിലവാരം പുലർത്തുന്നില്ല എന്നത് വസ്തുതയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

ഈ സര്‍ക്കാരിന്‍റെ കാലത്ത് ആരോഗ്യമേഖലയില്‍ 5200 പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. അതില്‍ രണ്ടായിത്തിലധികം നഴ്സുമാരുടെ തസ്തികകളാണ്. നഴ്സിംഗ് ജീവനക്കാരുടെ ദീര്‍ഘകാല ആവശ്യമായിരുന്ന മിനിമം വേതനം ചില മാനേജ്മെന്‍റുകള്‍ നടപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നഴ്സുമാരുടെ കൂടെയാണ്.  

അതേസമയം ഡോക്ടര്‍മാരും നഴ്സുമാരും പണിമുടക്കി സമരം ചെയ്യരുതെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. രോഗികളെ ബുദ്ധിമുട്ടിച്ച് സമരം ചെയ്യരുതെന്ന് സംഘനകളെ അറിയിച്ചിട്ടുണ്ട്. നഴ്സുമാരുടെ ബ്രിഡ്ജ് കോഴ്സിന്റെ ആവശ്യം കേരളത്തിൽ ഇല്ലെന്ന് വ്യക്തമാക്കിയ മന്ത്രി സ്വകാര്യ മെഡിക്കല്‍ രംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ കേരള കൊണ്ടു വരുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിന് സാധിക്കുമെന്ന് പ്രതീക്ഷ പങ്കുവച്ചു. 

സ്വകാര്യ ആശുപത്രികളിലെ  ചൂഷണം കുറക്കാൻ ഇതുവഴി സാധിക്കുമെന്നും ചൂണ്ടിക്കാണിച്ചു. കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ നട്ടെല്ലായ നഴ്സിംഗ് ജീവനക്കാരെ ആദരിക്കാന്‍ തയ്യാറായ ഏഷ്യാനെറ്റ് ന്യൂസിനെ അനുമോദിക്കുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.