എൻഎസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു; ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്
സ്പീക്കറുടെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു പാളയം മുതൽ പഴവങ്ങാടി വരെ നാമജപ യാത്ര നടത്തിയത്.
തിരുവനന്തപുരം: മിത്ത് വിവാദത്തിൽ എൻഎസ്എസിന്‍റെ നാമജപ കേസ് എഴുതിത്തള്ളിയ പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. യാത്രക്ക് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കണമെന്ന ഉദ്യേശമുണ്ടായിരുന്നില്ലെന്നാണ് പൊലിസ് റിപ്പോർട്ട്. കേസ് പിൻവലിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്ത എൻഎസ്എസ്, ശബരിമല വിവാദത്തിലെ പ്രതിഷേധങ്ങൾക്കെതിരായ കേസും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
സ്പീക്കറുടെ മിത്ത് പരാമർശത്തിൽ തിരുവനന്തപുരത്തെ എൻഎസ്എസ് പ്രതിഷേധത്തിനെതിരായാണ് കേസാണ് അവസാനിച്ചത്. അനുമതിയിലാതെ പരിപാടി നടത്തി, ഗതാഗതതടസ്സം ഉണ്ടാക്കി എന്നൊക്കെയായിരുന്നു വകുപ്പുകൾ. ആഗസ്റ്റ് രണ്ടിന് നടന്ന ഘോഷയാത്രക്കെതിരെ കൻോണ്‍മെൻറ് പൊലീസായിരുന്നു കേസെടുത്തത്. എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ അടക്കം കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയായിരുന്നു കേസ്.
കേസിനെതിരെ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ ആദ്യം ഉറച്ചുനിന്ന സർക്കാർ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കാലത്താണ് എൻഎസ്എസിനെ അനുനയിപ്പിക്കാൻ അയഞ്ഞത്. കേസ് പിൻവലിക്കാൻ തീരുമാനിച്ചത് നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ്. മതസ്ഫർധ ഉണ്ടാക്കുന്ന യാത്രയല്ലെന്നും അക്രമങ്ങളൊന്നും ഉണ്ടായില്ലെന്നുമുള്ള ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കേസ് പിൻവലിക്കാനുള്ള പൊലീസ് തീരുമാനം.
തുടരന്വേഷണം അവസാനിപ്പിച്ച് കേസ് എഴുതിത്തള്ളിയ പൊലീസ് റിപ്പോർട്ടാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചത്. കേസ് പിൻവലിച്ചതിൽ സന്തോഷമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. മിത്ത് പ്രതിഷേധ കേസിന്‍റെ മാതൃകയിൽ ശബരിമല യുവതി പ്രവേശനത്തിനെതിരായ നാമജപഘോഷയാത്രക്കെതിരായ കേസുകളും പിൻവലിക്കണമെന്നാണ് എൻഎസ്എസ് ആവശ്യം..
'ക്ഷേത്രപരിസരത്ത് ആര്‍എസ്എസ് ശാഖ പാടില്ല, കോടതി നിർദ്ദേശമുണ്ട്'; തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട്