Asianet News MalayalamAsianet News Malayalam

നിയമസഭയിലെ മാസ് എൻട്രിക്കാർ; ക്ലബ് ഹൗസ് ചർച്ചയിൽ അനുഭവം പങ്കുവച്ച് നവാഗത എംഎൽഎമാർ

എൽഡിഎഫിലേയും യുഡിഎഫിലേയും ഒൻപത് കന്നി എംഎൽഎമാർ സഭയിലെ മാസ് എൻട്രിക്കാ‍ർ നിങ്ങൾക്കൊപ്പം വെള്ളിയാഴ്ച രാത്രി ഒൻപത് മണിക്ക് നടന്ന  ക്ലബ് ഹൌസ് ചർച്ചയിൽ പങ്കെടുത്തു. 

Club house discussion of newly elected members
Author
കൊച്ചി, First Published Jun 12, 2021, 5:24 PM IST
  • Facebook
  • Twitter
  • Whatsapp

ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ക്ലബ് ഹൗസ് ച‍ർച്ചയിൽ നിയമസഭയിലെ ആദ്യാനുഭവം പങ്കുവച്ച് നവാ​ഗത എഎൽഎമാ‍ർ. കേരള നിയമസഭയിലേക്ക് ആദ്യമായി ജയിച്ചെത്തി എംഎൽഎമാരായവരെ ഉൾപ്പെടുത്തിയാണ് ഏഷ്യാനെറ്റ് ന്യൂസിൻ ക്ലബ് ഹൌസ് ചർച്ച നടന്നത്. എൽഡിഎഫിലേയും യുഡിഎഫിലേയും ഒൻപത് കന്നി എംഎൽഎമാർ സഭയിലെ മാസ് എൻട്രിക്കാ‍ർ നിങ്ങൾക്കൊപ്പം വെള്ളിയാഴ്ച രാത്രി ഒൻപത് മണിക്ക് നടന്ന  ക്ലബ് ഹൌസ് ചർച്ചയിൽ പങ്കെടുത്തു. 

ബേപ്പൂർ എംഎൽഎയും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ്, ബാലുശ്ശേരി എംഎൽഎയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ സച്ചിൻ ദേവ്, അഴീക്കോട് എംഎൽഎ കെ.വി.സുമേഷ്, വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പള്ളി, കല്ല്യാശ്ശേരി എംഎൽഎ എം.ലിജിൻ എന്നിവരാണ് എൽഡിഎഫിൽ നിന്നും ക്ലബ് ഹൌസ് ചർച്ചയ്ക്ക് എത്തിയത്. യുഡിഎഫിൽ നിന്നും കരുനാഗപ്പള്ളി എംഎൽഎ സി.ആർ.മഹേഷ്, മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ, പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം എന്നിവരും വടകര എംഎൽഎ കെ.കെ.രമയും ചർച്ചയിൽ പങ്കെടുക്കാനെത്തി. 

മുൻപൊരു തവണ തോറ്റ ശേഷം വിജയത്തിലേക്ക് പോരാടി കേറിയ അനുഭവങ്ങൾ മുഹമ്മദ് റിയാസ് പങ്കുവച്ചു. പരാജയങ്ങളിൽ തള‍രരുതെന്നും ശക്തമായി ജനങ്ങളിൽ ഇടപെട്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി നിയമസഭയിലേക്ക് വന്നതിൻ്റെ അത്ഭുതവും കൗതുകങ്ങളുമാണ് സിആ‍ർ മഹേഷിനും മാത്യു കുഴൽനാടിനും പങ്കുവയ്ക്കാനുണ്ടായിരുന്നത്. തോറ്റിട്ടും മണ്ഡലത്തിൽ ശക്തമായി പ്രവർത്തിച്ച് ജയിച്ചു വന്ന സിആർ മഹേഷ് ആ അനുഭവം വിവരിച്ചു. 

പതിറ്റാണ്ടുകൾക്ക് മുൻപ് കോഴിക്കോട് ഫറൂഖ് കോളേജിൽ ഒരുമിച്ച് പഠിക്കുകയും പിന്നീട് ഡിവൈഎഫ്ഐയുടേയും യൂത്ത് ലീ​ഗിൻ്റേയും നേതൃത്വത്തിൽ ഇരുന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് ഒരേ കാലഘട്ടത്തിൽ പ്രവർത്തിക്കുകയും ചെയ്ത താനും മുഹമ്മദ് റിയാസും ഒരേ തെരഞ്ഞെടുപ്പിൽ ജയിച്ച് നിയമസഭയിൽ എത്തിയതിൻ്റെ കൗതുകവും സന്തോഷവും നജീബ് കാന്തപുരം പങ്കുവച്ചു. 

രാഷ്ട്രീയമായി എതി‍ർ ചേരിയിൽ നിൽക്കുമ്പോൾ തന്നെ ഭരണപക്ഷവുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നായിരുന്നു ക്ലബ് ഹൗസിലെ കെ.കെ.രമയുടെ പ്രതികരണം. കെ.കെ.രമയുടെ മണ്ഡലമായ വടകരയിലെ റോഡ‍ിൻ്റെ വിഷയുമായി ബന്ധപ്പെട്ട് രമ താനുമായി സംസാരിച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടി താൻ സ്വീകരിച്ചുവെന്നും റിയാസ് ച‍ർച്ചയ്ക്കിടെ പറഞ്ഞു. ഇക്കാര്യം ശരിവച്ച രമ മന്ത്രിയിൽ നിന്നും ഭാവിയിലും ഇത്തരം കാര്യക്ഷമമായ ഇടപെടൽ പ്രതീക്ഷിക്കുന്നതായി പറഞ്ഞു. 

നിയമസഭയിലെ കന്നി പ്രസം​ഗത്തിൽ തന്നെ കത്തിക്കേറി ശ്രദ്ധയാകർഷിച്ച സച്ചിൻ ദേവ് ക്യാംപസ് രാഷ്ട്രീയത്തിൽ നിന്നും നേരിട്ട് നിയമസഭയിൽ എത്തിയതിൻ്റെ സ്പിരിറ്റാവാം പ്രസം​ഗത്തിൻ്റെ തീവ്രതയേറാൻ കാരണമെന്ന് സ്വയം നിരീക്ഷണം നടത്തി. കടുത്ത പോരാട്ടം ജയിച്ച് വടക്കാഞ്ചേരിയിൽ നിന്നും നിയമസഭയിൽ എത്തിയെങ്കിലും വിജയത്തിൻ്റെ ക്രെഡിറ്റ് പാർട്ടി പ്രവർത്തകരുടെ ഒറ്റക്കെട്ടായ പ്രവർത്തനത്തിന് നൽകുകയാണ് സേവ്യർ ചിറ്റലപ്പിള്ളി. 

ഇത്രയും കാലം നിയമസഭയിൽ ഉയ‍ർന്നു വന്ന പ്രധാന വിഷയങ്ങൾ വൈകിട്ട് വിവിധ ചാനലുകളിൽ പോയി ചർച്ച ചെയ്തിരുന്ന താൻ ഇനി നേരിട്ട് നിയമസഭയുടെ പ്രവർത്തനങ്ങളിൽ ഭാ​ഗമാക്കുന്നതിൻ്റെ സന്തോഷമാണ് ടി.സിദ്ധീഖിന് പങ്കുവയ്ക്കാനുണ്ടായിരുന്നത്. ഇതുവരെ നിയമസഭയും സെക്രട്ടേറിയേറ്റും പുറത്തു നിന്നും കണ്ട തനിക്ക് രണ്ടിടത്തും എംഎൽഎയായും മന്ത്രിയായും കാലെടുത്ത് വയ്ക്കാൻ സാധിച്ചതിൻ്റെ കൗതുകം റിയാസും സിദ്ധീഖുമായി പങ്കുവച്ചു. ക്ലബ് ഹൗസ് ചർച്ച പുരോ​ഗമിക്കവേ അപ്രതീക്ഷിത അതിഥിയായി എത്തിയ അങ്കമാലി എംഎൽഎ റോജി എംഎ ജോൺ കാലടി റോഡിലെ ​ഗതാ​ഗതക്കുരുക്ക് പരിഹരിക്കാനുള്ള അടിയന്തര നടപടി മന്ത്രിയെടുക്കണമെന്ന് അഭ്യർത്ഥിച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും റോജിക്കൊപ്പം നേരിട്ട് കാലടിയിൽ എത്തി പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾതേടുമെന്നും മന്ത്രിയുടെ ഉറപ്പ്. 

Follow Us:
Download App:
  • android
  • ios