Asianet News MalayalamAsianet News Malayalam

സോളാ‍ർ കേസ് സിബിഐക്ക് വിട്ടത് ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി

അധികാരമൊഴിയുന്ന ഘട്ടത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ ലാവലിൻ കേസ് അന്വേഷണം സിബിഐക്ക് വിട്ടതിന് പ്രതികാരമാണോ ഈ നടപടിയെന്ന ചോദ്യത്തിന് അത്തരം പ്രതികാരബുദ്ധി കൊണ്ടു നടക്കുന്നവരല്ല തങ്ങളെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

CM about summons CBI into Solar Case
Author
Thiruvananthapuram, First Published Jan 28, 2021, 8:18 PM IST

തിരുവനന്തപുരം: സോളാർ കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സോളാർ കേസിൽ ഇരയായ യുവതി അതൃപ്തി രേഖപ്പെടുത്തുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതിനാലാണ് സിബിഐയ്ക്ക് അന്വേഷണം വിട്ടു കൊടുക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി.

2006-ൽ അധികാരമൊഴിയുന്ന ഘട്ടത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ ലാവലിൻ കേസ് അന്വേഷണം സിബിഐക്ക് വിട്ടതിന് പ്രതികാരമാണോ ഈ നടപടിയെന്ന ചോദ്യത്തിന് അത്തരം പ്രതികാരബുദ്ധി കൊണ്ടു നടക്കുന്നവരല്ല തങ്ങളെന്നും ലാവലിൻ കേസിൽ പിണറായി വിജയനെതിരെ തെളിവില്ലെന്ന് റിപ്പോർട്ട് സമർപ്പിച്ച  വിജിലൻസ് ഡയറക്ടറെ രായ്ക്ക് രയ്മാനം മാറ്റിയാണ് അന്വേഷണം സിബിഐയ്ക്ക് യുഡിഎഫ് സർക്കാർ വിട്ടതെന്നും പിണറായി വിജയൻ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

രണ്ട് കാര്യങ്ങളാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്. ഒരു കേസും സിബിഐക്ക് വിടില്ല എന്ന നിലപാട് സംസ്ഥാന സ‍ർക്കാ‍ർ ഒരിക്കലും എടുത്തിട്ടില്ല. വാളയാർ കേസിൽ ആ അമ്മ കേസ് സിബിഐക്ക് വിടണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ആ കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു. കസ്റ്റഡി മരണം സംഭവിച്ചാൽ അതു ലോക്കൽ ഏജൻസികൾ അന്വേഷിക്കില്ലെന്നും അന്വേഷണം സിബിഐക്ക് വിടുമെന്നും നേരത്തെ സർക്കാർ നിലപാട് എടുത്തിരുന്നു. 

രണ്ടാമത്തെ പ്രശ്നം സോളാർ കേസ് എന്തിന് സിബിഐക്ക് വിട്ടു എന്നതാണ്. സർക്കാരിന് ഇവിടെ വേറെയെന്താണ് വഴി. കേസിൽ പരാതിക്കാരിയായ വനിത സ‍ർക്കാരിനൊരു അപേക്ഷ തരികയാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകാത്തതിനാൽ കേസ് സിബിഐയ്ക്ക് വിടണം എന്ന് ആവശ്യപ്പെട്ട്. ആ പരാതി സ‍ർക്കാർ സ്വീകരിച്ചില്ലെങ്കിൽ അതു ന്യായമാകുമോ, എത്ര വലിയ വിമർശനത്തിന് അതിടയാക്കും. നിങ്ങളുടെ അന്വേഷണം എവിടെയും എത്തുന്നില്ലെന്നും, അന്വേഷണത്തിൽ എനിക്ക് തൃപ്തിയില്ലെന്നും അവർ പറഞ്ഞതിനാൽ ആ ആവശ്യം അംഗീകരിക്കുക മാത്രമാണ് സർക്കാരിന് മുന്നിലെ വഴി അക്കാര്യത്തിൽ രാഷ്ട്രീയ ദുരുദ്ദേശ്യം കാണേണ്ട ആവശ്യമില്ല. 

ഈ കേസുമായി ബന്ധപ്പെട്ട് ഒരു അന്വേഷണ കമ്മീഷനുണ്ടായിരുന്നു. കമ്മീഷന് മുന്നിൽ ഒരുപാട് വസ്തുതകൾ വന്നു. അതൊന്നും പറയാൻ പറ്റുന്ന കാര്യങ്ങളല്ല, അതിലേക്കൊന്നും ഞാനിപ്പോൾ കടക്കുന്നുമില്ല. ഒരു സ്ത്രീയ്ക്കുണ്ടായ ദുരനുഭവങ്ങൾ അവ‍ർ കമ്മീഷന് മുന്നിൽ തുറന്നു പറഞ്ഞതിൻ്റെ ഭാ​ഗമായിട്ടാണ് കമ്മീഷൻ അതിൽ ശക്തമായ നിലപാട് എടുത്തത്. വളരെ ശക്തമായ റിപ്പോർട്ടാണ് സോളാർ കേസ് അന്വേഷിച്ച കമ്മീഷൻ നൽകിയത്. ആ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നു. അതിപ്പോഴും തുടരുന്നു. 

ഉമ്മൻ ചാണ്ടി പറഞ്ഞതിൽ ഒരു കാര്യമുണ്ട്. സർക്കാർ ഇടപെട്ട് അന്വേഷണം ത്വരിതപ്പെടുത്താനോ അവരുടെ കാലത്ത് നടന്ന പോലെ അന്വേഷണ ഏജൻസിയെ ഇന്ന വഴിക്ക് നടത്തി കൊണ്ടു പോകാനോ ഒന്നും ഞങ്ങൾ ശ്രമിച്ചിട്ടില്ല. അന്വേഷണം പൊലീസിനെ ഏൽപിച്ചു. അവ‍ർ അന്വേഷിക്കുന്നു. അതിപ്പോഴും തുടരുന്നു. അതിലൊരു പരാതിയും ഉള്ളതായി എനിക്ക് തോന്നിയില്ല. എന്നാൽ ഈ ഘട്ടത്തിലാണ് പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയുമായി ഇരയായ സ്ത്രീ വരുന്നത്. അന്വേഷണ ഏജൻസിയെ മാറ്റണമെന്ന് ഇര തന്നെ ആവശ്യപ്പെടുമ്പോൾ ‍‍ഞങ്ങൾ എന്തിനാണ് അതിനെ നിരാകരിക്കുന്നത്. അവർ ആ​ഗ്രഹിച്ച പോലെ കേസ് സിബിഐക്ക് വിടാൻ വേണ്ട നടപടി ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അവർ പറയുന്ന കത്ത് ഉള്ളതും ഇല്ലാത്തതും കേസ് അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ല. 

ആദ്യ ഉമ്മൻചാണ്ടി സർക്കാരിൻ്റെ അവസാന ക്യാബിനറ്റ് മീറ്റിം​ഗിലാണ് ലാവ്ലിൻ കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചത്. അതിലൊന്നും ഒരു കാര്യവുമില്ല. അത്തരം പ്രതികാര ചിന്തയുമായല്ലേ ഞങ്ങളൊന്നും ഇരിക്കുന്നത്. പക്ഷേ ഇതിനു ഉമ്മൻചാണ്ടി നൽകിയ വിശദീകരണം വളരെ മോശമായി പോയി. ലാവലിൻ കേസ് അന്വേഷിച്ച വിജിലൻസ് ഡയറക്ട‍ർ കണ്ടെത്തിയ റിപ്പോർട്ട് തള്ളി അയാളെ രായ്ക്ക് രാമാനം സ്ഥലം മാറ്റിയാണ് ലാവലിൻ സിബിഐക്ക് വിട്ടത്.  

സോളാർ കേസിൽ ഇരയായ സ്ത്രീ അവർക്ക് സമൂഹത്തിലെ പ്രമുഖരിൽ നിന്നുണ്ടായ അനുഭവം കമ്മീഷന് ബോധ്യപ്പെട്ടു. അതും ഉമ്മൻ ചാണ്ടി വച്ച കമ്മീഷനാണ്. ആ കമ്മീഷൻ അതിശക്തമായ നിലപാട് എടുക്കുകയും.  അതെല്ലാം റിപ്പോർട്ടിൽ വ്യക്തമാക്കുകകയും ചെയ്തു. ആ റിപ്പോർട്ട് ഈ സർക്കാരിന് കിട്ടിയപ്പോൾ അതിൽ അന്വേഷണം നടത്തി സത്യം കണ്ടെത്താനാണ് ഈ സർക്കാർ ആ​ഗ്രഹിച്ചത്. അതു കൊണ്ടാണ് ആദ്യം പൊലീസ് അന്വേഷണവും ഇപ്പോൾ ഇരയുടെ ആവശ്യപ്രകാരം സിബിഐ അന്വേഷണവും നടത്താൻ അവസരമൊരുക്കുന്നത്.  
 

Follow Us:
Download App:
  • android
  • ios