Asianet News MalayalamAsianet News Malayalam

'വികസനത്തിനായി ഒന്നിച്ചു നിൽക്കാൻ കഴിയണം' സംരംഭക സംഗമം ബഹിഷ്കരിച്ച പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

കേന്ദ്രത്തിൻ്റെ സഹായം കൊണ്ടാണ് കേരളം നിലനിൽക്കുന്നത് എന്നാണ്  ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണം. ഇതെല്ലാം അവാസ്തവമായ കാര്യങ്ങളാണ്. 

CM against Opposition for boycotts entrepreneurs meet
Author
First Published Jan 21, 2023, 12:57 PM IST

കൊച്ചി: കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാൻ കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ചില മാധ്യമങ്ങൾ ഈ പ്രചാരണത്തിൻ്റെ ഭാഗമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചതിനേയും മുഖ്യമന്ത്രി വിമർശിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

സംരംഭക സംഗമത്തിൽ ആരേയും സർക്കാർ മാറ്റി നിർത്തിയിട്ടില്ല. നമ്മുടെ നാട് ഇപ്പോൾ നേരിടുന്ന പ്രശ്നമാണിത്. നാടിൻ്റെ വികസനത്തെ ബാധിക്കുന്ന പ്രശ്നമാണിത്. എല്ലാവർക്കും കക്ഷിരാഷ്ട്രീയം ഉണ്ടാകാം. പക്ഷേ നാടിൻ്റെ വികസനത്തിൽ ഒറ്റക്കെട്ടായി നിൽക്കണം. ഇക്കാര്യത്തിൽ പ്രതിപക്ഷം  ഒരുമിച്ച് നിൽക്കണമെന്ന് ആഗ്രഹിച്ചു. എന്നാൽ അവരവരുടെ കാരണത്താൽ അത് നടന്നില്ല. നാടിന്റെ വികസനത്തിന് ഒരുമയാണ് വേണ്ടത്. പക്ഷേ ഒന്നിച്ചു നിൽക്കാൻ നമുക്കാകുന്നില്ല. നാടിന്റെ വികസനത്തിന്റെ പ്രശ്നം വരുമ്പോൾ മറ്റ് അഭിപ്രായം മാറ്റി വച്ച് ഒന്നിച്ചു നിൽക്കണം. അതിന് നാടിനോട് പ്രതിബദ്ധതയുണ്ടാകണം.  അതിനുള്ള ഹൃദയവിശാലതയുണ്ടാകണം. ഈ മനോഭാവം മാറ്റണം. കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നു. ചില മാധ്യമങ്ങളും ഇതിന് കൂട്ട് നിൽക്കുന്നു. കേരളം കടത്തിൽ മുങ്ങി നിൽക്കുന്നു എന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. 2020-ൽ കേരളത്തിൻ്റെ പൊതുകടം 29 ശതമാനമാണ്. 2021ൽ ഇത് 37 ശതമാനമായി. കേന്ദ്രത്തിൻ്റെ പൊതുകടം ഇക്കാലയളിൽ 12 ശതമാനം കൂടി. ഇതു മറച്ചുവച്ചാണ് കേരളത്തിനെതിരായ പ്രചാരണം നടക്കുന്നത്. കേരളത്തിൻ്റെ വരുമാനത്തിൽ 64 ശതമാനം തനത് വരുമാനമാണ്. എന്നിട്ടും കേന്ദ്രത്തിൻ്റെ സഹായം കൊണ്ടാണ് കേരളം നിലനിൽക്കുന്നത് എന്നാണ് പ്രചാരണം

സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന മഹാ നിക്ഷേപക സംഗമമാണ് കൊച്ചിയിൽ  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കലൂർ രാജ്യാന്തര സ്റ്റേഡിയം മൈതാനത്ത് സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിൽ പതിനായിരത്തോളം സംരംഭകര്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 1,22,560 സംരംഭങ്ങളും 7496 കോടി രൂപയുടെ നിക്ഷേപവും ആകർഷിക്കാനായെന്നാണ് വ്യവസായ വകുപ്പിൻ്റെ കണക്ക്. രാജ്യത്തെ വ്യവസായ സൗഹൃദ റാങ്കിംഗ് പട്ടികയിൽ 15ആമതാണ് കേരളം. നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തി റാങ്ക് ഉയർത്തുകയാണ് മഹാ സംഗമത്തിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. 

Follow Us:
Download App:
  • android
  • ios