തിരുവനന്തപുരം: ക്ഷേമപെൻഷനുകളെ സംബന്ധിച്ച് പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സർക്കാർ നടപ്പാക്കിയ പെൻഷൻ പദ്ധതികളും പെൻഷൻ വർധനവുമെല്ലാം കഴിഞ്ഞ യുഡിഎഫ് സർക്കാരും നടപ്പാക്കിയെന്ന തലത്തിൽ ചിലർ പ്രചാരണം നടത്തുന്നുണ്ട്. കേന്ദ്രസർക്കാരിൻ്റെ ഫണ്ട് കൊണ്ടാണ് പെൻഷൻ കൊടുക്കുന്നതെന്നാണ് വേറൊരു കൂട്ടർ നടത്തുന്നത്.

ഇതെല്ലാം പെട്ടെന്ന് പൊട്ടിവീണതല്ല. എൽഡിഎഫ് സർക്കാരിൻ്റെ ജനകീയപ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യത കിട്ടിയപ്പോൾ അതിനെതിരായിട്ടാണ് ഇത്തരം പ്രചാരണം ആരംഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമപെൻഷനുകളിൽ പ്രതിപക്ഷം വ്യാജപ്രചാരണവുമായി രംഗത്തുണ്ട് സർക്കാർ നടത്തിയ ക്ഷേമപദ്ധതികളുടെ ക്രെഡിറ്റ് തട്ടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമപെൻഷനുകൾ ഒരു കുടിശ്ശികയും ഇല്ലാതെ കൈപ്പറ്റിയ അറുപത് ലക്ഷം പേർ സംസ്ഥാനത്തുണ്ടെന്നും അവർക്ക് എല്ലാ സത്യവും അറിയാമെന്നും എട്ടുക്കാലി മമ്മൂഞ്ഞുമാരെ തിരിച്ചറിയാനുള്ള ശേഷി കേരളത്തിലെ ജനങ്ങൾക്കില്ലെന്ന് ധരിക്കേണ്ടെന്ന് മാത്രമേ പ്രതിപക്ഷത്തോട് പറയാനുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു, 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

കേരളത്തിലെ സാമൂഹിക സുരക്ഷപെൻഷനുകളുടെ ചരിത്രം പരിശോധിച്ചാൽ ഇടതുസർക്കാരുകൾ ഭരിക്കുന്ന കാലത്താണ് ക്ഷേമപെൻഷനുകൾ ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയത്. 1980-ൽ ഇകെ നായനാർ സർക്കാരാണ് കാർഷിക പെൻഷൻ ആരംഭിച്ചത്. 2.94 ലക്ഷം പേർക്ക് 45 രൂപ പ്രതിമാസ പെൻഷൻ അന്ന് കൊടുത്തു. 1987-ൽ നായനാർ സർക്കാർ വീണ്ടും അധികാരത്തിൽ വന്നപ്പോൾ ആണ് ആ തുക പിന്നീട് പരിഷ്കരിച്ചത്. എല്ലാ സർക്കാരുകളും പെൻഷൻ വർധിപ്പിക്കുന്നുണ്ടെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. 

പക്ഷേ നാം ഓർക്കേണ്ടത് 1981 മുതൽ 87 വരെ അധികാരത്തിലിരുന്ന കോൺ​ഗ്രസ് മുന്നണി കാ‍ർഷിക പെൻഷൻ വർധിപ്പിച്ചില്ല. 1995-ൽ എൻഎസ്എപിയുടെ ഭാ​ഗമായി വാ‍ർധക്യ പെൻഷൻ വന്നു. അന്ന് അധികാരത്തിൽ യുഡിഎഫ് സ‍ർക്കാരാണ്. എന്നാൽ ആ സ‍ർക്കാരിൻ്റെ കാലത്ത് വാ‍ർധക്യ പെൻഷൻ ആ‍ർക്കും കിട്ടിയില്ല. 1996-ൽ യുഡിഎഫ് പോയി എൽഡിഎഫ് വരേണ്ടി വന്നു. 

കഴിഞ്ഞ യുഡിഎഫ് സ‍ർക്കാരിൻ്റെ കാലത്ത് പെൻഷൻ തുക പ്രതിമാസം 300 രൂപയായിരുന്നു. അവ‍ർ ആദ്യം അത് 400ഉം പിന്നീട് 525ഉം ആക്കി ഉയ‍ർത്തി. ദേശീയ നയത്തിൻ്റെ ഭാ​ഗമായി 80 വയസിന് മുകളിൽ പ്രായമുള്ളവ‍ർക്ക് പെൻഷൻ 400-ൽ നിന്നും 900 ആയി. വികലാം​ഗ പെൻഷൻ 700 ആയി. ഉമ്മൻ ചാണ്ടി സ‍ർക്കാ‍ർ കാലാവധി പൂ‍ർത്തിയാക്കുന്നതിന് തൊട്ടുമുൻപായി മാർച്ച് മാസത്തിൽ 75 വയസ്സിന് മുകളിൽ പ്രായമുള്ളവ‍ർക്ക് വാർധക്യകാല പെൻഷൻ 1500 രൂപയായി ഉയ‍ർത്തി. മൊത്തം ​ഗുണോഭക്താകളുടെ 15 ശതമാനത്തിനാണ് ഇങ്ങനെ വർധന കിട്ടിയത്. 

പെൻഷൻ തുക നാമമാത്രമായി വർധിപ്പിച്ചത് പോട്ടെ അതു വിതരണം ചെയ്യുന്നതിൽ ​ഗുരുതരമായ വീഴ്ചയും യുഡിഎഫ് സ‍ർക്കാർ വരുത്തി. 19 മാസത്തെ കുടിശ്ശികയായി 1473 കോടി ബാക്കി വച്ചാണ് യുഡിഎഫ് അധികാരമൊഴിഞ്ഞത്. ആ പണം കൊടുത്തു തീ‍ർത്തത് എൽഡിഎഫ് സ‍ർക്കാരാണ്. ഇങ്ങനെയുള്ള നിലപാട് സ്വീകരിച്ചവ‍ർ ക്ഷേമപെൻഷൻ തങ്ങളും മികച്ച രീതിയിൽ നടപ്പാക്കിയെന്ന് അവകാശപ്പെടുകയാണ്. 

ഈ സ‍ര‍ക്കാ‍ർ അധികാരത്തിൽ വരുന്നത് ക്ഷേമപെൻഷനുകളുടെ കാര്യത്തിൽ എന്തൊക്കെ ചെയ്യണം എന്ന വ്യക്തമായ ധാരണയോടെയാണ് തെരഞ്ഞെടുപ്പ് പത്രികയിൽ അക്കാര്യം വ്യക്തമായി പറയുകയും ചെയ്തിരുന്നു. ആദ്യം 1000 ആയും പിന്നെ 2019-ൽ 1100 ആയും 2020-1400 ആയും പെൻഷൻ തുക എൽഡിഎഫ് സർക്കാർ വർധിപ്പിച്ചു. 2021 ജനുവരിയോടെ പെൻഷൻ തുക 1500 ആക്കി ഉയർത്തും എന്നും എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. 

1500 ആയി യുഡിഎഫ് സർക്കാർ ഉയർത്തിയ പെൻഷൻ എൽഡിഎഫ് 1000 ആയി കുറച്ചു എന്നാണ് അവ‍ർ നടത്തുന്ന പ്രചാരണം. ഉത്തരവാദിത്തപ്പെട്ട പദവികളിൽ ഇരുന്നവരാണ് ഈ പറയുന്നത് എന്നോർക്കണം. 6.11 ലക്ഷം പേർക്ക് ഇപ്പോഴും പെൻഷൻ ലഭിക്കുന്നുണ്ട്. 2015-ലെ സിഎജി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അനർഹരായ ആളുകളെ ഒഴിവാക്കി അർഹരായ കൂടുതൽ ആളുകളിലേക്ക് ഈ സർക്കാരിൻ്റെ പെൻഷൻ എത്തി. അങ്ങനെ യുഡിഎഫ് സർക്കാരിൻ്റെ കാലത്തെ ​ഗുണോഭക്താകളുടെ 33 ലക്ഷം ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് 60 ലക്ഷമായി. 

2016-ൽ 272 കോടിയായിരുന്നു പ്രതിമാസ പെൻഷൻ ചിലവ്. എന്നാൽ ഇന്ന് 710 കോടി ഇന്ന് പെൻഷൻ ചിലവായി ചിലവാക്കണം. 9318 കോടിയാണ് അഞ്ച് വ‍ർഷം വരെ യുഡിഎഫ് പെൻഷനായി ചിലവാക്കിയത്. എന്നാൽ 2020 നവംബ‍ർ വരെ സാമൂഹിക സുരക്ഷ പെൻഷനായി 27417 കോടി രൂപയാണ്. ക്ഷേമനിധി ബോ‍ർഡ് വഴി 3097 കോടി രൂപ വേറെയും സർക്കാർ ചിലവാക്കി. അങ്ങനെ 30000 കോടി രൂപ എൽഡിഎഫ് സർക്കാർ ഈ കാലയളവിൽ ചിലവാക്കി. 

കേന്ദ്രസർക്കാർ സഹായം വഴിയാണ് പെൻഷൻ കൊടുക്കുന്നത് എന്നാണ് അടുത്ത പ്രചാരണം. കേന്ദ്രസ‍ർക്കാരിൻ്റെ എൻ.എസ്.എ.പി എന്ന പദ്ധതിയുടെ ആ പദ്ധതി പ്രകാരം 14.90 ലക്ഷം പേ‍ർക്ക് 300 മുതൽ 500 രൂപ വരെ പെൻഷനായി നൽകുന്നു. ആ തുക ഒഴിച്ചാൽ ഇവ‍ർക്ക് ലഭിക്കേണ്ട 900 മുതൽ 1100 വരെയുള്ള സംഖ്യ സംസ്ഥാന സർക്കാരാണ് നൽകുന്നത്. കേന്ദ്രസർക്കാരിൻ്റെ യാതൊരു സഹായവും ഇല്ലാതെയാണ് 37.50 ലക്ഷം പേർക്കുള്ള പെൻഷൻ സംസ്ഥാനം കൊടുക്കുന്നത്. അപ്പോൾ കേന്ദ്രത്തിൻ്റെ വകയാണ് ഇതെല്ലാം എന്ന് പ്രചരിപ്പിക്കുന്നവ‍ർ ഈ കണക്കെല്ലാം ഒന്നു പരിശോധിക്കുന്നത് നല്ലതാണ്.