തിരുവനന്തപുരം: യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. ഊര്‍ജസ്വലതയും ആത്മാര്‍പ്പണവും കൊണ്ട് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ പൊതുപ്രവര്‍ത്തകനായിരുന്നു പി ബിജുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥി - യുവജന പ്രസ്ഥാനങ്ങളുടെ നേതാവെന്ന നിലയിലും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലായിരുന്നു ബിജുവിന്റേതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

സഖാവ് പി ബിജുവിന്റെ അകാലത്തിലുള്ള വിയോഗ വാര്‍ത്ത നടുക്കമുണര്‍ത്തുന്നതും തീര്‍ത്തും വേദനാജനകവുമാണെന്നാണ് കോടിയേരി പ്രതികരിച്ചത്.വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് തന്നെ ഉയര്‍ന്ന രാഷ്ട്രീയ ബോധവും സംഘടനാ മികവും പ്രകടിപ്പിച്ച ഭാവി വാഗ്ദാനമെന്ന നിലയിലാണ് ബിജുവിനെ കണ്ടത്. നിരവധി സമരമുഖങ്ങളില്‍ തീക്കനല്‍ പോലെ ജ്വലിച്ചു നിന്ന ബിജുവിനെ കേരളത്തിന് മറക്കാന്‍ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു. 

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
 
സഖാവ് പി ബിജുവിന്റെ അകാലത്തിലുള്ള വിയോഗ വാര്‍ത്ത നടുക്കമുണര്‍ത്തുന്നതും തീര്‍ത്തും വേദനാജനകവുമാണ്.

വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് തന്നെ ഉയര്‍ന്ന രാഷ്ട്രീയ ബോധവും സംഘടനാ മികവും പ്രകടിപ്പിച്ച ഭാവി വാഗ്ദാനമെന്ന നിലയിലാണ് ബിജുവിനെ കണ്ടത്. നിരവധി സമരമുഖങ്ങളില്‍ തീക്കനല്‍ പോലെ ജ്വലിച്ചു നിന്ന ബിജുവിനെ കേരളത്തിന് മറക്കാന്‍ സാധിക്കില്ല.

യു ഡി എഫ് ഭരണകാലത്ത് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് സഖാവ് വിധേയനായി. ആ സന്ദര്‍ഭങ്ങളിലൊക്കെ ബിജുവിനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ സമരമുഖങ്ങളിലെ വേട്ടയാടലുകളില്‍ പതറാത്ത കമ്യൂണിസ്റ്റായാണ് ബിജു അടയാളപ്പെടുത്തിയത്.

ശാരീരികമായ പരിമിതികളെ അതിജീവിച്ച് കുട്ടിക്കാലം മുതല്‍ക്കെ വിദ്യാര്‍ത്ഥി സംഘടനാ രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്ന നേതാവായിരുന്നു പി ബിജു.
ആശയപരമായ ഉള്‍ക്കാഴ്ചയും സര്‍ഗാത്മകമായ സംഘാടന പാടവവും സംഘടനാ രംഗത്ത് പുലര്‍ത്തിയ മികവുമാണ് പി ബിജുവിനെ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുയര്‍ത്തിയത്. യുവജനപ്രസ്ഥാനത്തിന്റെ ഭാരവാഹിയായും സഖാവ് മികവ് തെളിയിച്ചു.

യുവജനക്ഷേമ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനെന്ന ഉത്തരവാദിത്തം ഏല്‍പ്പിച്ചപ്പോള്‍, രാജ്യത്തിന് തന്നെ മാതൃകയാവുന്ന രീതിയില്‍ യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ബിജുവിന് സാധിച്ചു. വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ യുവജനക്ഷേമ ബോര്‍ഡിനെ പ്രാപ്തമാക്കി. ബിജുവിന്റെ നേതൃപരമായ ഏകോപന മികവാണ് ഇവിടെ കാണാനായത്.

കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാവി വാഗ്ദാനത്തെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് അപരിഹാര്യമായ ഒരു വിടവ് തന്നെയാണ്. പി ബിജുവിന്റെ വേര്‍പാട് പ്രസ്ഥാനത്തെ ഏറെ ദുഖിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ സഖാക്കളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ദുഖത്തോടൊപ്പം ഞാനും പങ്കാളിയാവുന്നു.

സിപിഐ എം സംസ്ഥാന കമ്മറ്റിയുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.