തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈനായി ക്ലാസ് എടുത്ത അധ്യാപികമാരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവരെ കുറിച്ച് പൊലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ച സംഭവത്തിൽ കൂടുതൽ കൗമാരക്കാ‍ർ പിടിയിലായിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 'ബ്ലൂ സാരി ടീച്ച‍ർ' എന്ന പേരിൽ ​ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ മലപ്പുറം സ്വദേശിയായ പതിനാറുകാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇൻസ്റ്റഗ്രാമിലെ വിവിധ ​ഗ്രൂപ്പുകളിലൊന്നിന്‍റെ അഡ്മിൻ ഈ കുട്ടിയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഗ്രൂപ്പിൽ മോശം കമന്‍റുകളിട്ട നാല് വിദ്യാർത്ഥികളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കൂടാതെ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ അധ്യാപികമാരെ അവഹേളിക്കുന്ന തരത്തിൽ കമന്‍റിട്ട പലരേയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. നിരവധി പേർ ഇതിനോടകം കമന്‍റുകള്‍ നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. ഗ്രൂപ്പുകളുണ്ടാക്കിയവരിലും മോശം കമന്‍റിട്ടവരിലും കൗമാരക്കാ‍രാണ് ഏറേയും. അധ്യാപികരമാരെ അവഹേളിച്ച സംഭവത്തിൽ നാല് പ്ലസ് ടു വിദ്യാർത്ഥികളെ സൈബ‍ർ ക്രൈം പൊലീസ് ഇന്നലെ തിരിച്ചറിഞ്ഞിരുന്നു.

സന്ദേശം പ്രചരിപ്പിച്ച വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളും കണ്ണൂർ, എറണാകുളം സ്വദേശികളുമായ വിദ്യാർത്ഥികളെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. സന്ദേശം പ്രചരിപ്പിച്ചതിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് സൈബർ പോലീസ് അറിയിച്ചു. തെളിവ് കിട്ടിയാൽ പ്രതി ചേർക്കും.