യുകെയിലെ സ്വകാര്യ ഏജൻസികളുമായി കരാറിൽ ഒപ്പിട്ടശേഷം യുകെയുമായി ഒപ്പിട്ടുവെന്ന തരത്തിൽ പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ വസ്തുതാവിരുദ്ധമായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണം

കോട്ടയം: കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്ക് യുകെയിലേക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സർക്കാരും യുകെയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അവകാശവാദത്തിനെതിരെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ സി ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലെ അവകാശവാദം വസ്തുതാ വിരുദ്ധമാണെന്നും തെറ്റായ പ്രചാരണത്തിലൂടെ ജനങ്ങളെ വിഡ്ഢികളാക്കാൻ മുഖ്യമന്ത്രി ബോധപൂർവ്വം ശ്രമിക്കുകയാണെന്നും മുൻ പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് കുറ്റപ്പെടുത്തി.

യുകെയിലെ സ്വകാര്യ ഏജൻസികളുമായി കരാറിൽ ഒപ്പിട്ടശേഷം യുകെയുമായി ഒപ്പിട്ടുവെന്ന തരത്തിൽ പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ വസ്തുതാവിരുദ്ധമായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണം. മാത്രവുമല്ല കേന്ദ്ര അനുമതി കൂടാതെ ഒരു സംസ്ഥാന സര്‍ക്കാരിന് മറ്റൊരു വിദേശ രാജ്യവുമായി കരാറിലോ ധാരണ പത്രത്തിലോ ഏർപ്പെടാൻ കഴിയില്ല എന്നത് ഒരു കൊച്ചു കുട്ടിക്ക് പോലും അറിയാവുന്ന കാര്യമാണ്.

ലോകത്ത് എവിടെയും ലഭ്യമാകുന്ന തൊഴിലവസരങ്ങൾ കേരളീയർക്ക് നേടിയെടുക്കാൻ ശ്രമിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ ഒരു സര്‍ക്കാരിന്‍റെ ചുമതല ഒരിക്കലും കുടിയേറ്റം പ്രോത്സാഹിപ്പിക്കലല്ല, മറിച്ച് തൊഴിൽ അവസരങ്ങൾ നാട്ടിൽ ലഭ്യമാക്കാൻ പരിശ്രമിക്കുക എന്നതാണ്. കേരളത്തിലെ വിദ്യാർത്ഥികളിൽ ഒരു വലിയ പങ്കും വിദ്യാഭ്യാസത്തിനും തുടർ ജോലിക്കുമായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാൻ വിദ്യാഭ്യാസ വായ്പപോലും എടുത്ത് തീവ്രപരിശ്രമം നടത്തുന്ന്നുവെന്നത് നാട്ടിൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ കഴിയാത്ത കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഭരണ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും കെ സി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യുകെയിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സര്‍ക്കാറും യു.കെ യും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. ലണ്ടനില്‍ നടന്ന യൂറോപ്പ് -യുകെ മേഖലാ സമ്മേളനത്തിലാണ് ധാരണാപാത്രം ഒപ്പുവെച്ചത്. കേരള സര്‍ക്കാറിനു വേണ്ടി നോര്‍ക്ക റൂട്ട്സും യു.കെ യില്‍ എന്‍. എച്ച്. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍ ബോര്‍ഡുകളായ ദ നാവിഗോ ആന്റ് ഹമ്പർ ആന്റ് നോർത്ത് യോർക് ഷയർ ഹെൽത്ത് ആന്റ് കെയർ പാർട്ണർഷിപ്പും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. 

സുരക്ഷിതവും, സുതാര്യവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് സുഗമമായ കുടിയേറ്റം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നടപടികള്‍ പൂര്‍ത്തിയായശേഷം നവംബറില്‍ ഒരാഴ്ചയോളം നീളുന്ന യു.കെ എംപ്ലോയ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകള്‍ക്കായി 3000 ലധികം ഒഴിവുകളിലേയ്ക്കാണ് ഇതുവഴി തൊഴില്‍ സാധ്യത തെളിയുന്നത്.

ഒലപ്പാമ്പ് കാട്ടി ഭയപ്പെടുത്തരുത്, മന്ത്രിമാരുടെ പേര് വെളിപ്പെടുത്തണം; എ.കെ ബാലനെ വെല്ലുവിളിച്ച് കെ.സി ജോസഫ്