''എല്ലാ ആഘോഷങ്ങളും പരിപാടികളും ഇത്തരത്തിലാണ് കേരളത്തില്‍ നടക്കുന്നത്. അതാണ് നമ്മുടെ സംസ്‌കാരം. അവിടെ മതവും രാഷ്ട്രീയവും ഒന്നും ഘടകമേ അല്ല.''
തിരുവനന്തപുരം: ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതെന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇപി ജയരാജന്‍. ഇത്തരം പരിപാടികളില്‍ വ്യത്യസ്ത ചേരിയിലുള്ളവര്‍ ഒന്നിച്ച് പങ്കെടുക്കാറുണ്ട്. അതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുന്നതും നിരീക്ഷിക്കുന്നതും അഭിപ്രായം പറയുന്നതും ഔചിത്യമില്ലായ്മയാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. എല്ലാ ആഘോഷങ്ങളും പരിപാടികളും ഇത്തരത്തിലാണ് കേരളത്തില്‍ നടക്കുന്നത്. അതാണ് നമ്മുടെ സംസ്‌കാരം. അവിടെ മതവും രാഷ്ട്രീയവും ഒന്നും ഘടകമേ അല്ല. പ്രതിപക്ഷ നേതാവും കുഞ്ഞാലിക്കുട്ടിയും എല്ലാം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് അവരുടെ രാഷ്ട്രീയ നിലപാട് മാറിപ്പോകും എന്നാണോ പ്രേമചന്ദ്രന്‍ ചിന്തിക്കുന്നത്. എത്ര ഇടുങ്ങിയ ചിന്താഗതിയാണതെന്നും ഇപി ജയരാജന്‍ ചോദിച്ചു.
പൊതുസമൂഹവുമായി ബന്ധമില്ലാതെ ഇരുട്ടറയില്‍ കഴിയേണ്ടവരല്ല നീതിന്യായ വകുപ്പിലുള്ളവരെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ ഒരോ ചലനങ്ങളും അറിയുകയും മനസിലാക്കുകയും ജനങ്ങളുമായി സംബന്ധിക്കുന്നവരുമായിരിക്കണം നീതിന്യായ രംഗത്തുള്ളവരും. അവര്‍ വിവാഹം, ചരമം, മറ്റു ചടങ്ങുകള്‍ എന്നിവയിലെല്ലാം പങ്കെടുത്താല്‍ അതിനെ ഇടുങ്ങിയ മനസുമായി കാണാന്‍ പ്രേമചന്ദ്രനപ്പോലെയുള്ള ഇടുങ്ങിയ മനസുള്ള യുഡി.എഫിലെ ചില നേതാക്കള്‍ക്ക് മാത്രമേ കഴിയൂയെന്നും ഇപി ജയരാജന്‍ പറഞ്ഞു.
ഇപി ജയരാജന്‍ പറഞ്ഞത്: ''ലോകായുക്തയും ഉപലോകായുക്തയും മാത്രമല്ല ഗവണ്‍മെന്റുമായി ബന്ധപ്പെടുന്ന ഒട്ടനവധി ആളുകള്‍ നിയമസഭയിലെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍, വിവിധ മേഖലയിലെ പ്രശസ്തര്‍, വ്യത്യസ്ത മതവിഭാഗങ്ങളിലെ ആചാര്യന്മാര്‍ തുടങ്ങി വിവിധ രംഗങ്ങളിലുള്ളവരെല്ലാം ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിനെ പ്രത്യേകമായ കണ്ണാടി വെച്ച് കാണുന്നത് ശരിയായ കാര്യമല്ല. നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നവര്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലും മതങ്ങളിലും വിവിധ മേഖലകളിലുമെല്ലാം ജീവിക്കുന്നവരാണ്. അവരെല്ലം ഇത്തരം പൊതുപരിപാടികളില്‍ ഒന്നിച്ച് പങ്കെടുക്കാറുണ്ട്. പാര്‍ലിമന്റിലും ഇത്തരത്തില്‍ പരിപാടികള്‍ നടക്കാറുണ്ട്. അതിലെല്ലാം ആശയങ്ങളാല്‍ വ്യത്യസ്ത ചേരിയിലുള്ളവര്‍ ഒന്നിച്ച് പങ്കെടുക്കാറുണ്ട്. എന്നാല്‍ അതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുന്നതും നിരീക്ഷിക്കുന്നതും അഭിപ്രായം പറയുന്നതും ഔചിത്യമില്ലായ്മയാണ്.''
''നമ്മുടെ നാട്ടില്‍ ഇഫ്താര്‍ വിരുന്ന് പോലുള്ള ചടങ്ങുകളുടെ ഒരു പ്രത്യേകത എന്തെന്നാല്‍ സമൂഹത്തിലെ നാനാ തുറയില്‍ നിന്നുള്ളവരും വ്യത്യസ്ത ആശയങ്ങളില്‍ നില്‍ക്കുന്നവരെല്ലാം ഒത്തുചേര്‍ന്ന് മനുഷ്യ സാഹോദര്യവും സ്‌നേഹവും ഉയര്‍ത്തിപ്പിടുക്കുന്ന പൊതു പരിപാടികളാണ്. എല്ലാ ആഘോഷങ്ങളും പരിപാടികളും ഇത്തരത്തിലാണ് കേരളത്തില്‍ നടക്കുന്നത്. അതാണ് നമ്മുടെ സംസ്‌കാരം. അവിടെ മതവും രാഷ്ട്രീയവും ഒന്നും ഒരു ഘടകമേ അല്ല. പ്രതിപക്ഷ നേതാവ് ഇഫ്താര്‍ ഇരുന്നില്‍ പങ്കെടുത്തില്ലേ?. നീതിന്യായ രംഗത്തുള്ളവരും ഈ സമൂഹത്തില്‍ ജീവിക്കുന്നവരാണ്. അവരും സമൂഹത്തിലെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവരാണ്. വിവാഹങ്ങളിലും വിരുന്നുകളിലും മരണങ്ങളിലും എല്ലാം പങ്കെടുക്കാറുണ്ട്. അതെല്ലാം മാനുഷികമായ നടപടികളുടെ ഭാഗമാണ്. ഇതൊന്നും കാണാന്‍ കഴിയാതെ 'ഠ' വട്ടത്തില്‍ ചിന്തിച്ച്, ചുരുങ്ങിയ പരിസരത്തില്‍ ഒതുങ്ങുന്ന അല്പചിന്തകര്‍ക്ക് മാത്രമേ ഇത്തരത്തില്‍ മഹത് വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങുകളെ വിമര്‍ശിക്കാന്‍ കഴിയുകയൊള്ളു. നീതിപീഠങ്ങളില്‍ ഇരിക്കുന്ന ആളുകള്‍ നാട്ടിലോ കുടുംബങ്ങളിലോ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതുകൊണ്ട് നീതിന്യായ വ്യവസ്ഥയോടുള്ള അവരുടെ ബഹുമാനവും ആദരവും കളങ്കപ്പെടും എന്നൊന്നും ചിന്തിക്കേണ്ടതില്ല. അത്ര ചെറുതായിട്ടുള്ളവരാണ് നമ്മുടെ നീതിപീഠങ്ങളിലിരിക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല. പ്രതിപക്ഷ നേതാവും മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും എല്ലാം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് അവരുടെയെല്ലാം രാഷ്ട്രീയ നിലപാട് മാറിപ്പോകും എന്നാണോ പ്രേമചന്ദ്രന്‍ ചിന്തിക്കുന്നത്. എത്ര ഇടുങ്ങിയ ചിന്താഗതിയാണത്.''
''സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളും അതിന്റെ ഘടനയുമെല്ലാം നമ്മുടെ നീതിപീഠങ്ങളില്‍ ഇരിക്കുന്നവരും മനസ്സിലാക്കുന്നത് നല്ലതാണ്. അവര്‍ ജനങ്ങളില്‍ നിന്നും ഒളിച്ചോടേണ്ടവരല്ല. പൊതുസമൂഹവുമായി ബന്ധമില്ലാതെ ഇരുട്ടറയില്‍ കഴിയേണ്ടവരല്ല നീതിന്യായ വകുപ്പിലുള്ളവര്‍. സമൂഹത്തിന്റെ ഒരോ ചലനങ്ങളും അറിയുകയും മനസ്സിലാക്കുകയും ജനങ്ങളുമായി സംബന്ധിക്കുന്നവരുമായിരിക്കണം നീതിന്യായ രംഗത്തുള്ളവരും. അതുകൊണ്ട് വിവാഹം, ചരമം, മറ്റു ചടങ്ങുകള്‍ എന്നിവയിലെല്ലാം അവര്‍ പങ്കെടുത്താല്‍ അതിനെ ഇടുങ്ങിയ മനസ്സുമായി കാണാന്‍ പ്രേമചന്ദ്രനപ്പോലെയുള്ള ഇടുങ്ങിയ മനസ്സുള്ള യുഡി.എഫിലെ ചില നേതാക്കള്‍ക്ക് മാത്രമേ കഴിയൂ. പ്രേമചന്ദ്രന പോലെ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരാള്‍ ഈ സമൂഹത്തിനെ കുറിച്ച് മനസ്സിലാക്കിവേണം നിലപാട് സ്വീകരിക്കാന്‍. എന്ത് കാര്യത്തിനും വിരുദ്ധ നിലപാട് സ്വീകരിക്കുക, സിപിഐഎമ്മിനെതിരെ നിലപാടെടുക്കുക, ഗവണ്‍മെന്റിന് എതിരായ നിലപാട് സ്വീകരിക്കുക, മുഖ്യമന്ത്രിയെ ആക്ഷേപിക്കുക എന്നിവയ്ക്ക് വേണ്ടി വൃതമെടുത്ത് നടക്കുന്നവര്‍ക്ക് ഇതൊക്കെയേ ചെയ്യാന്‍ കഴിയൂ. പൊതുവായ കാര്യങ്ങളില്‍ യുഡിഎഫിന്റെ ഇങ്ങെനെയുള്ള ചില നേതാക്കള്‍ക്ക് പറ്റിക്കൊണ്ടിരിക്കുന്ന തെറ്റുകളാണ് യുഡിഎഫിനെ അപകടത്തിലേക്ക് കൊണ്ടുചെന്ന് എത്തിക്കുന്നത്. ഇത് സംബന്ധിച്ച് ചിന്തിക്കാനും തെറ്റായ നടപടികളെ നിരാകരിക്കാനും പക്വതയുള്ള നേതാക്കള്‍ രംഗത്ത് വരണം.''
