Asianet News MalayalamAsianet News Malayalam

കാന്തപുരത്തെ കണ്ട്, ജമാ അത്തിനെ കാണാതെ മുഖ്യമന്ത്രി, രണ്ട് രൂപതാ അധ്യക്ഷൻമാർ വന്നില്ല

ഇകെ- എപി സുന്നി വിഭാഗങ്ങളിലെ നേതാക്കളെയും, എംഇഎസ്, കെഎൻഎം എന്നീ സംഘടനാപ്രതിനിധികളെയും വിളിച്ച യോഗത്തിലേക്ക് ജമാ അത്തെ ഇസ്ലാമി പ്രതിനിധികൾക്ക് മാത്രം ക്ഷണമില്ല. ഇന്ന് കോഴിക്കോടിന് പുറമേ വയനാട്ടിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.

cm kerala paryadanam in kozhikode live updates
Author
Kozhikode, First Published Dec 27, 2020, 12:35 PM IST

കോഴിക്കോട്: മുഖ്യമന്ത്രിയുടെ കേരള പര്യടനവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് നടക്കുന്ന പൗരപ്രമുഖരുടെയും മതമേലധ്യക്ഷൻമാരുടെയും വിവിധ സംഘടനാപ്രതിനിധികളുടെയും യോഗത്തിലേക്ക് ജമാ അത്തെ ഇസ്ലാമിക്ക് ക്ഷണമില്ല. തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫുമായി ജമാഅത്തിന്‍റെ രാഷ്ട്രീയപാർട്ടിയായ വെൽഫെയർ പാർട്ടി നീക്കുപോക്കുണ്ടാക്കിയ പശ്ചാത്തലത്തിൽക്കൂടിയാണ് ജമാ അത്തെ ഇസ്ലാമിയെ പൂർണമായും മുഖ്യമന്ത്രി അവഗണിക്കുന്നത്. ഇകെ- എപി സുന്നി വിഭാഗങ്ങളിലെ നേതാക്കളെയും, എംഇഎസ്, കെഎൻഎം എന്നീ സംഘടനാപ്രതിനിധികളെയും വിളിച്ച യോഗത്തിൽ നിന്നാണ് ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രി മാറ്റി നിർത്തുന്നത്. അതേസമയം, ക്ഷണിച്ചെങ്കിലും താമരശ്ശേരി ബിഷപ്പടക്കം രണ്ട് രൂപതാ അധ്യക്ഷൻമാരും യോഗത്തിനെത്തിയില്ല.

നിയമസഭാതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ പ്രകടനപത്രികയിൽ എന്തെല്ലാം ഉൾപ്പെടുത്തണമെന്നതിൽ കേരളമെമ്പാടും പര്യടനം നടത്തി അഭിപ്രായങ്ങൾ തേടുകയാണ് മുഖ്യമന്ത്രി. ഇതിന്‍റെ ഭാഗമായി ഇന്ന് കോഴിക്കോട്ട് നടക്കുന്ന യോഗത്തിൽ മതമേലധ്യക്ഷൻമാർ, സാംസ്കാരിക നായകർ, പ്രമുഖ വ്യാപാരികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നു. 120 പേരെയാണ് യോഗത്തിന് ആകെ ക്ഷണിച്ചിരിക്കുന്നത്. കോഴിക്കോട് കാരപ്പറമ്പ് സ്കൂളിലാണ് മുഖ്യമന്ത്രി വിളിച്ച യോഗം.

താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ, കോഴിക്കോട് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ എന്നിവരെ യോഗത്തിന് ക്ഷണിച്ചെങ്കിലും രണ്ട് പേരും എത്തിയില്ല. ഞായറാഴ്ചയായതിനാൽ സഭയുടെ അത്യാവശ്യ ചടങ്ങുകൾ ഉണ്ടെന്നും, അതിനാൽ എത്താനാകില്ലെന്നുമാണ് ഇരുവരും മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്. അതേസമയം, സിഎസ്ഐ ബിഷപ്പ് റോയ്സ് വിക്ടർ മനോജ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട്ടു നിന്നുള്ള മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എ കെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ എന്നിവരും യോഗത്തിലുണ്ട്. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വയനാട്ടിലേക്ക് പോകും.

നവകേരളമെന്ന ലക്ഷ്യം. പിണറായി എന്ന നായകൻ. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള  നിലമൊരുക്കൽ വേദിയായിട്ടാണ് എൽഡിഎഫ് മുഖ്യമന്ത്രിയുടെ കേരളപര്യടനത്തെ കണക്കാക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിന്‍റെ ഫലം നൽകിയ ഊർജമുണ്ട് ഇടതുമുന്നണിക്ക് ആകെ. ചുരുങ്ങിയ സമയം മാത്രമേ മുഖ്യമന്ത്രി ചടങ്ങുകളിൽ സംസാരിക്കുന്നുള്ളൂ. ബാക്കിയുള്ള സമയം അദ്ദേഹം കേൾവിക്കാരനാണ്. ആശയങ്ങൾ കുറിച്ചെടുക്കുന്നു. ചെറിയ വാക്കുകളിൽ മറുപടിപ്രസംഗവും. 

എൻഎസ്എസ് അടക്കം ഇതിന് മുമ്പും കേരളപര്യടനവേദിയിൽ നിന്ന് ചില സംഘടനകൾ വിട്ടുനിന്നിരുന്നു. ശബരിമല വിവാദ നാളുകൾ മുതൽ സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസ് ദേവസ്വം ബോർഡ് നടത്തിപ്പിലെ പ്രശ്നങ്ങളും മുന്നോക്ക സംവരണം നടപ്പാക്കുന്നതിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. 

Follow Us:
Download App:
  • android
  • ios