തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രിയുടെ ഓണാശംസ. കൊവിഡ് വ്യവസ്ഥകൾ പാലിച്ച് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തവണ ഓണമാഘോഷിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

അസാധാരണ ലോക സാഹചര്യത്തിലാണ് ഇത്തവണ ഓണം. ഈ അന്തരീക്ഷത്തെ മറികടക്കാൻ കഴിയുമെന്ന പ്രത്യാശ പടര്‍ത്തിയാകണം ഇത്തവണത്തെ ഓണാഘോഷം. ഓണം വലിയ പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അനൂകൂല കാലമുണ്ടെന്ന പ്രതീക്ഷ. കൊവിഡ് വ്യവസ്ഥകൾ പാലിച്ച് പരിമിധികൾക്കുള്ളിൽ നിന്നുകൊണ്ട് ഓണമാഘോഷിക്കാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. 

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. പ്രതികൂലസാഹചര്യങ്ങളെ സധൈര്യം അതിജീവിക്കാന്‍ കേരളത്തിന് കരുത്തേകിയ ഒരുമയുടെയും സ്നേഹത്തിന്റെയും ഉത്സവമാകട്ടെ ഓണമെന്ന്  ഗവര്‍ണര്‍ ആശംസിച്ചു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിക്കൊപ്പമാണ് ഇത്തവണ ഗവര്‍ണറുടെ ഓണാഘോഷം. ഓണഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിഫ് ഹൗസിലെത്തും.